
കേരളത്തിൽ മദ്യനിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് അനുമതി; പാലക്കാട്ടെ കുടിവെള്ളം ഇനി മദ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് പ്രാഥമിക അനുമതി നൽകി പിണറായി സർക്കാർ. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടാണ് ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് (Oasis Commercial Pvt. Ltd.) എന്ന സ്വകാര്യ സ്ഥാപനത്തിന് മദ്യനിർമ്മാണത്തിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്.
എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് അനുമതി. എല്ലാതരം മദ്യനിർമ്മാണത്തനുമുള്ള കേന്ദ്രമായിരിക്കും പാലക്കാട് ആരംഭിക്കുക.
കേരള മദ്യനയത്തെ സമ്പൂർണ്ണമായും മറികടന്നുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭായോഗം കൈക്കൊണ്ടിരിക്കുന്നത്. നിലവിലെ മദ്യനിർമ്മാണ കേന്ദ്രങ്ങൾ കാരണം കുടിവെള്ള ദൗർലഭ്യതയുണ്ടാകുന്നുവെന്ന പലതരം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ള പ്രദേശമാണ് കഞ്ചിക്കോടും പരിസര പ്രദേശങ്ങളും. രാജ്യത്തെ പ്രധാനപ്പെട്ട മദ്യനിർമ്മാതാക്കാണ് യുബി ഡിസ്റ്റലറീസ് ദിവസവും അഞ്ച് ലക്ഷം ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം മലമ്പുഴ ജലാശയത്തിൽ നിന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റൊരു മദ്യനിർമ്മാതാക്കാളായ എം.പി. ഡിസ്റ്റലറീസ് ദിവസേന 33,000 ലിറ്റർ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്.
പുതിയ മദ്യനിർമ്മാണ കേന്ദ്രത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിനുള്ള ജലലഭ്യതയുടെ അളവ് എത്രയാണെന്ന കാര്യം മന്ത്രിസഭായോഗ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടില്ല.