വിരമിക്കാൻ പോകുന്ന ചീഫ് സെക്രട്ടറിയും മന്ത്രി പി. രാജീവിൻ്റെ വിദേശയാത്ര സംഘത്തിൽ. ഏപ്രിൽ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളിധരനടക്കം 8 അംഗ ഉദ്യോഗസ്ഥ സംഘമാണ് സ്വിറ്റ്സർലണ്ടിലേക്കുള്ള പി. രാജീവിൻ്റെ വിദേശയാത്ര സംഘത്തിൽ ഇടം പിടിച്ചത്.
ജനുവരി 18 ന് സംഘം സ്വിറ്റ് സർലണ്ടിലേക്ക് പറക്കും. 25 ന് മടങ്ങും. നിയമസഭ സമ്മേളനം ജനുവരി 17 മുതൽ ആരംഭിക്കുമ്പോഴാണ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്വിസിലേക്ക് പറക്കുന്നത്.
ബജറ്റ് പണിപ്പുരയിൽ കെ.എൻ. ബാലഗോപാലിനെ സഹായിക്കേണ്ട അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകും സ്വിസ് സംഘത്തിൽ ഇടം നേടി.
മുൻ ചീഫ് സെക്രട്ടറി വി. ജോയിയും വിരമിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രിയോടൊപ്പം വിദേശയാത്ര നടത്തിയിരുന്നു. വിരമിച്ച ഉടൻ ജോയിക്ക് 6 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ മുഖ്യമന്ത്രി പുനർ നിയമനവും നൽകിയിരുന്നു. ശാരദയ്ക്കും പുനർ നിയമനത്തിനായി കസേര ഒരുങ്ങുന്നു എന്നാണ് സെക്രട്ടറിയേറ്റിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.
മന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഓഫിസിനെ നയിക്കേണ്ട പ്രൈവറ്റ് സെക്രട്ടറിയേയും രാജിവ് സ്വിസ് സംഘത്തിൽ ഉൾപ്പെടുത്തിയത് വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പ്രൈവറ്റ് സെക്രട്ടറി മണിറാം ആണ് സ്വിസ് സംഘത്തിൽ ഉൾപ്പെട്ടവരിൽ പ്രധാനി. ഇവരുടെ യാത്ര ചെലവ് അടക്കം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പണം അനുവദിക്കാനും നിർദ്ദേശമുണ്ട്.
സാമ്പത്തിക പ്രതിസന്ധികാലത്ത് ഉദ്യോഗസ്ഥ പടയുടെ വിദേശയാത്രക്ക് എതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുക, മറുവശത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ ധൂർത്തടിക്കുക എന്ന ശൈലിയാണ് സർക്കാർ സ്വീകരിക്കുന്നത്.
ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ ജീവനക്കാരുടെ സംഘടനകൾ 22 പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസ്, സി പി ഐ സർവീസ് സംഘടനകൾ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഭ സമ്മേളനം നടക്കുമ്പോഴുള്ള പണിമുടക്ക് സർക്കാരിന് വെല്ലുവിളിയായിരിക്കുകയാണ്. അതിനിടയിലാണ് രാജീവും ശാരദയും ജയതിലകും സ്വിസിലേക്ക് പറക്കുന്നതും.