News

‘എന്തും വിലയ്ക്കുവാങ്ങാമെന്ന് കരുതേണ്ട, കോടതിയോട് യുദ്ധപ്രഖ്യാപനമാണോ?’ ബോബിയെ വിടാതെ ഹൈക്കോടതി | Boby Chemmanur

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്ന് ഇറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ വീണ്ടും ഹൈക്കോടതി. എന്തുകൊണ്ട് ജാമ്യം വൈകിപ്പിച്ചു എന്നതില്‍ കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജയിലിന് പുറത്ത് ബോബി മാധ്യമങ്ങളോട് പറഞ്ഞത് കോടതി പരിശോധിക്കും. ബോബിയുടേത് കോടതിയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനമാണോയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ഉച്ചയ്ക്ക് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പു പറഞ്ഞു, പക്ഷേ കോടതി അംഗീകരിച്ചില്ല.

തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകി.

കേസ് കോടതി ബുധനാഴ്ച 1.45-ന് വീണ്ടും പരിഗണിക്കും. ബോബി ചെമ്മണൂര്‍ നിരുപാധികം മാപ്പ് പറയണമെന്നാണ് കോടതി നിലപാട്. എന്തിനേയും വിലയ്ക്കുവാങ്ങാമെന്ന് ബോബി ചെമ്മണൂര്‍ കരുതേണ്ട. ഇവിടെ ഹൈക്കോടതിയുണ്ട്. കളി ജുഡീഷ്യറിയോടോ ഹൈക്കോടതിയോടോ വേണ്ട. ഇവിടെ കൃത്യമായ നീതിന്യായ വ്യവസ്ഥയുണ്ട്. അതിനെ വെല്ലുവിളിക്കാന്‍ ആരായാലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രാവിലെ ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തിയ കോടതി, എന്തുകൊണ്ടാണു ചൊവ്വാഴ്ച കാക്കനാട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങാതിരുന്നതെന്ന് അന്വേഷിച്ചിരുന്നു. പിന്നാലെ രൂക്ഷവിമർശനം ഉന്നയിക്കുകയും കോടതിയെ ധിക്കരിച്ചാൽ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. തടവുകാർക്കു വേണ്ടിയാണോ ബോബി തലേന്നു ജയിലിൽ കഴിഞ്ഞതെന്നു മാധ്യമങ്ങളോടു പറഞ്ഞോ എന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി.

ജയിലിന് പുറത്ത് ബോബി എന്താണ് പറഞ്ഞതെന്ന് കോടതി ആരാഞ്ഞു. റിമാന്‍ഡ് തടവുകാര്‍ക്കുവേണ്ടിയാണ് താന്‍ കോടതിയില്‍ തുടര്‍ന്നതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്ന് കോടതി സൂചിപ്പിച്ചു. തനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളോടുകൂടിയുള്ള അനാദരവാണ് ബോബിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

കോടതി രൂക്ഷപരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതിനു പിന്നാലെ, ബോബി ചെമ്മണൂര്‍ തൃശ്ശൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. രണ്ടുമണിക്ക് കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് നാലുമണിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *