
വനനിയമ ഭേദഗതി ഉപേക്ഷിച്ചു; ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ വന നിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച നിർദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയർന്നിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ അത്തരം ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. (Kerala Forest (Amendment) Bill, 2024)
ഏതെങ്കിലും വകുപ്പുകളിലുള്ള അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കകൾസർക്കാർ ഗൗരവമായി കാണുകയാണ്. കർഷകർക്കും മലയോര മേഖലയിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താൽപര്യത്തിന് വിരുദ്ധമായ ഒരു നിയമവും ഈ സർക്കാരിൻറെ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏത് നിയമവും മനുഷ്യർക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സർക്കാറിന്റേത്. മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകൾ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതിൽ തർക്കമില്ല. വനസംരക്ഷണ നിയമത്തിൻറെ കാര്യത്തിലും അതുതന്നെയാണ് നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയിൽ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാന തടസമായി നിൽക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാർലമെൻറ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓർക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.