ഇല്ലാത്ത കണക്ഷനു ബിൽ: ജല അതോറിറ്റി 20,000 രൂപ നഷ്ടപരിഹാരം നൽകണം

water
water

കോട്ടയം: നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം സ്വദേശിയായ ടി.എൻ. ബാബു നൽകിയ പരാതിയിലാണ് നടപടി.

ബാബു വാട്ടർ കണക്ഷനുവേണ്ടി ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടെന്നറിയിച്ചതിനേത്തുടർന്ന് പുതിയത് നൽകുകയും മുദ്രപ്പത്രത്തിൽ കരാറിലേർപ്പെടുകയും ചെയ്തു. മീറ്ററും വാങ്ങി നൽകി. മീറ്റർ പരിശോധിച്ച ശേഷം സ്ഥലം പരിശോധിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മാസങ്ങളായിട്ടും നടപടിയുണ്ടായില്ല.

തുടർന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുമായി ബന്ധപ്പെട്ടപ്പോൾ ഒരു കരാറുകാരന്റെ നമ്പർ നൽകി. കരാറുകാരനെ ബന്ധപ്പെട്ടപ്പോൾ പ്രധാനലൈനിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു. എന്നാൽ ഈ ലൈൻ നന്നാക്കിയിട്ടും ബാബുവിന് കണക്ഷൻ നൽകിയില്ല.

ജലജീവൻ പദ്ധതി വഴി കണക്ഷൻ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതും നടന്നില്ല. തുടർന്ന് അദ്ദേഹം പദ്ധതി ഉപേക്ഷിക്കുകയും പ്രാദേശിക കുടിവെള്ള പദ്ധതി വഴി കണക്ഷനെടുക്കുകയും ചെയ്തു.
എന്നാൽ 14,414 രൂപ അടയ്ക്കണമെന്നു ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി 2023 നവംബർ 30-ന് ബാബുവിനു നോട്ടീസ് അയച്ചു. ഇതിനു മറുപടി നൽകിയെങ്കിലും 2024 ഫെബ്രുവരി ഏഴിന് അദാലത്തിൽ ഹാജരാകണമെന്നു കാണിച്ച് വീണ്ടും നോട്ടീസ് നൽകി.

ഇതേത്തുടർന്നാണു ബാബു ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. ഗാർഹിക വാട്ടർ കണക്ഷൻ നൽകുന്നതിൽ പരാജയപ്പെട്ട വാട്ടർഅതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് സേവനന്യൂനതയാണെന്നു കണ്ടെത്തിയ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളായുമുള്ള കമ്മിഷൻ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.


ബാബുവിനുണ്ടായ മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 2000 രൂപയും ഒരു മാസത്തിനകം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments