
അമ്മയുടെ ട്രഷറര്‍ സ്ഥാനം രാജിവച്ച് ഉണ്ണി മുകുന്ദന്‍
മലയാള സിനിമ താരസംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനത്ത് നിന്ന് നടൻ ഉണ്ണി മുകുന്ദൻ രാജിവച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.
ദീർഘമായ ആലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമയിലെ തിരക്കുകൾ, പ്രത്യേകിച്ച് ‘മാർക്കോ’ തുടങ്ങിയ പുതിയ പ്രോജക്ടുകളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ കാരണം സംഘടനയിലെ ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുന്നതായി താരം പരാതിപ്പെട്ടു.
“ദീർഘമായ ആലോചനയ്ക്ക് ശേഷം ‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന കഠിനമായ തീരുമാനം ഞാനെടുത്തു. പദവിയിലുണ്ടായിരുന്ന കാലം വളരെ അധികം ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, സമീപ മാസങ്ങളില്‍, എന്റെ ജോലിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍, പ്രത്യേകിച്ച് മാര്‍ക്കോയുടെയും മറ്റു പ്രോജക്ടുകളുടെയും കാര്യങ്ങള്‍, എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ ഉത്തരവാദിത്തങ്ങളും പ്രഫഷനൽ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും സന്തുലിതമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ നിന്നു മാറി, എന്റെയും കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിയുന്നു,” ഉണ്ണി മുകുന്ദൻ കുറിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പുതിയ ട്രഷറർ സ്ഥാനമേൽക്കുന്നതുവരെ താൻ തൽസ്ഥാനത്ത് തുടരുമെന്നും താരം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള വിവാദത്തിൽ ‘അമ്മ’യുടെ ഭരണസമിതി മൊത്തത്തിൽ രാജിവച്ചൊഴിഞ്ഞിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഉണ്ണി മുകുന്ദൻ ട്രഷറർ സ്ഥാനത്തേക്ക് എത്തിയത്.