സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് വിദേശയാത്രയിൽ. ജനുവരി 12 മുതൽ 15 വരെ യുഎഇയിലും, 18 മുതൽ 25 വരെ സ്വിറ്റ്‌സർലന്റിലുമായാണ് മന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും വിദേശയാത്ര. യുഎഎയിലെത്തിയ മന്ത്രിസംഘം ഇന്നലെ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് വിദേശ പ്രതിനിധി ക്ഷണിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി യുഎഇയിൽ റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മുഹമ്മദ് ഹനീഷ് ഐഎഎസ്, എസ് ഹരികിഷോർ ഐഎഎസ്, ആർ.ഹരികൃഷ്ണൻ ഐആർടിഎസ്, ആനി ജൂല തോമസ് ഐഎഎസ്, പി.വിഷ്ണുരാജ് ഐഎഎസ്, സന്തോഷ് കോശി തോമസ്, വർഗീസ് മാലക്കാരൻ തുടങ്ങിയ ഉദ്യോഗസ്ഥരാണ് യുഎഇ സന്ദർശനത്തിൽ മന്ത്രിയെ അനുഗമിക്കുന്നത്.
ജനുവരി 20 മുതൽ 24 വരെ സ്വിറ്റ്‌സർലണ്ടിലെ ഡാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക മീറ്റിംഗിൽ പങ്കെടുക്കാനാണ് പി. രാജീവിന്റെ സ്വിസ്സ് യാത്ര.
മന്ത്രിയുടെ വിദേശയാത്രക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറങ്ങിയിട്ടുണ്ട്. ജനുവരി 18 മുതൽ 25 വരെയാണ് യാത്രക്ക് അനുമതി. പി. രാജീവിനോടൊപ്പം 8 അംഗ ഉദ്യോഗസ്ഥ സംഘവും ഉണ്ട്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, എം.ഡി ഹരികിഷോർ ഐഎഎസ്, മാനേജർ പ്രശാന്ത് പ്രതാപ്, പി. രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ.എ. മണിറാം എന്നിവരാണ് മന്ത്രിയുടെ സംഘത്തിൽ ഉള്ളത്.
പ്രൈവറ്റ് സെക്രട്ടറിയെ മന്ത്രി പി രാജീവ് വിദേശ യാത്ര സംഘത്തിൽ ഉൾപ്പെടുത്തിയതിൽ വിമർശനം ഉയരുന്നുണ്ട്. ജനുവരി 17 നാണ് നിയമസഭ തുടങ്ങുന്നത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പി. രാജീവിന്റെ വിദേശയാത്ര. കെ എസ് ഐ ഡി സി വക ഒരു സ്റ്റാളും സ്വിറ്റ്‌സർലണ്ടിൽ ഉണ്ടാകും. 10 കോടിയാണ് സ്റ്റാളിന്റ ചെലവ്.