എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത്? ബോബി ചെമ്മണൂരിനെക്കുറിച്ച് ഹൈക്കോടതി

Boby Chemmanur

കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യഹർജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ദ്വയാർത്ഥം ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.

ജാമ്യഹർജിയിലെ ചില പരാമർശങ്ങൾ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേൾക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാൾ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ആരാഞ്ഞു. മോശം പരാമർശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂർ ദ്വയാർത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്. ആ സമയത്ത് അവർ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. ബോബി ഇപ്പോൾ ജയിലിലാണ്. പാസ്പോർട്ട് ബോബി ചെമ്മണൂർ സറണ്ടർ ചെയ്തിട്ടുള്ള കാര്യവും കോടതി പരിഗണിച്ചു.

ബോബി ചെമ്മണൂർ തുടർച്ചയായി ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു തവണയല്ല, പലതവണ ഇയാൾ അത് ആവർത്തിക്കുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിന് പാഠമാകുന്ന തീരുമാനമാണ് കോടതിയിൽ നിന്നും ഉണ്ടാകേണ്ടതെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സമൂഹത്തിന് ഇപ്പോൾ തന്നെ ബോധ്യമായിട്ടുണ്ടാകുമല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു.

നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ആറു ദിവസത്തിന് ശേഷമാണ് ബോബിക്ക് കേസിൽ ജാമ്യം ലഭിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂർ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments