രാജ്ഭവനിൽ വാഹനം വാങ്ങാൻ 35.78 ലക്ഷം അനുവദിക്കാൻ അനുമതി. ജനുവരി 1 ലെ മന്ത്രിസഭ യോഗത്തിലാണ് രാജ് ഭവനിൽ 2 വാഹനം വാങ്ങാൻ അനുമതി നൽകിയത്.
ഒരു ഇന്നോവ ക്രിസ്റ്റയും ഒരു മാരുതി സുസുക്കി എർട്ടിഗയും ആണ് രാജ്ഭവനിൽ പുതുതായി വാങ്ങുന്നത.2024 ഏപ്രിൽ 30 ന് നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 2 വാഹനങ്ങൾ മാറ്റി പുതിയ വാഹനം വാങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അന്ന് സർക്കാർ അനുമതി നൽകിയിരുന്നില്ല.
ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറി ആർലേക്കർ ഗവർണറായി വന്നതോടെയാണ് വാഹനം വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി പോയതിന് പിന്നാലെ ജനുവരി 2 നാണ് ആർലേക്കർ കേരള ഗവർണറായി ചുമതലയേറ്റത്. ജനുവരി 1 ന് രാജ് ഭവനിൽ വാഹനം വാങ്ങാൻ മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെ ജനുവരി 4 ന് പൊതുഭരണ പ്രൊട്ടോക്കോൾ വകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി.
ഈ മാസം 3 ന് രാജ്ഭവന് 13 ലക്ഷം അധിക ഫണ്ടും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചിരുന്നു.
നവംബർ 14 ന് പണം ആവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിന്ന് ഒഴിഞ്ഞതിന് ശേഷമാണ് അധിക ഫണ്ട് അനുവദിച്ചത്.
വാട്ടർ ചാർജിന് 5 ലക്ഷവും വാഹന റിപ്പയറിംഗ് , മെയിൻ്റ നൻസിന് 1 ലക്ഷവും ഇന്ധനത്തിന് 2 ലക്ഷവും മറ്റ് ഇനങ്ങൾക്ക് 5 ലക്ഷവും ആണ് അധിക ഫണ്ടായി രാജ്ഭവന് അനുവദിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ പോയതിന് പിന്നാലെ ആരിഫിൻ്റെ വിശ്വസ്തരായ സുരക്ഷ സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മാറ്റിയിരുന്നു. പകരം സർക്കാരിന് വേണ്ടപ്പെട്ടവരെ പുതിയ ഗവർണറുടെ സുരക്ഷക്കായി നിയോഗിക്കുക ആയിരുന്നു.
സുരക്ഷ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ ആർലേക്കറെ പരാതി അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ കളി പൊളിഞ്ഞു. മാറ്റിയ സുരക്ഷ ഉദ്യോഗസ്ഥർ ശരവേഗത്തിൽ രാജ്ഭവനിൽ തിരിച്ചെത്തി. ആദ്യ ദിനം തന്നെ പിണറായിയെ തിരുത്തിയ ആർലേക്കറുടെ നടപടി സർക്കാരിനെ ഞെട്ടിച്ചിരുന്നു.
രാജ്ഭവൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് ഉടൻ തന്നെ ഫണ്ട് അനുവദിക്കും എന്ന് ജനുവരി ആദ്യ ആഴ്ചകളിൽ ഇറങ്ങിയ ഉത്തരവുകൾ വ്യക്തമാക്കുന്നു. ജനുവരി 3, 4 തീയതികളിലായി 48.78 ലക്ഷം രൂപയാണ് രാജ്ഭവന് സർക്കാർ നൽകിയത്. ആർലേക്കറും ആയി സമവായത്തിൽ പോകാനാണ് പിണറായി ശ്രമിക്കുന്നതെന്ന് വ്യക്തം.