News

പി.വി അന്‍വര്‍ മാപ്പ് പറഞ്ഞത് സ്വീകരിക്കുന്നു; നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിക്കും

പി.വി. അൻവർ സ്വന്തം തീരുമാനത്തിന്റെ ഭാഗമായാണ് രാജിവെച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പൊതുമാപ്പ് പറഞ്ഞതിനെ സ്വീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നു പറഞ്ഞത് നല്ല കാര്യം.

എനിക്കെതിരെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ ഞാന്‍ പറഞ്ഞിരുന്നു. അന്ന് എന്റെ മുന്നണിയില്‍പ്പെട്ട എം.എല്‍.എയാണ് ഇതുപോലൊരു ആരോപണം ഭരണകക്ഷിയിലെ ആര്‍ക്കെങ്കിലും എതിരെ എഴുതിക്കൊണ്ടു വരുന്നിരുന്നെതെങ്കില്‍ അത് കീറി കൊട്ടയില്‍ ഇടുമായിരുന്നെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ഒരു എം.എല്‍.എയെ ചുമതലപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി അറിയാതെ ഒരു എം.എല്‍.എയ്ക്ക് ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് നിങ്ങളെ ഓര്‍ത്ത് ഞാന്‍ ചിരിക്കണോ, അതോ നിങ്ങളുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്നാണ് ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. അന്‍വറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഡാലോചനയാണ് പുറത്തുവന്നത്. അന്ന് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നേതാവിനെതിരെ കെട്ടിച്ചമച്ച ആരോപണം ഉണ്ടാക്കിയത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ വിജിലന്‍സ് അത് തള്ളിക്കളയുകയും ചെയ്തുവെന്നും പ്രതീപക്ഷ നേതാവ് ചൂണ്ടികാട്ടി.

തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് സി.പി.എമ്മിലെ ഉന്നത നേതാക്കളായിരുന്നെന്നും അന്‍വര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ അന്‍വറിന് പിന്നിലുണ്ടെന്നും പാര്‍ട്ടിയില്‍ പിണറായി വിജയനെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത ആളുകള്‍ അന്‍വറിനെ കരുവാക്കി പിണറായിക്കും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിനും എതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ഞാന്‍ പറവൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. അന്‍വറിന്റെ ഇന്നത്തെ രണ്ടു വെളിപ്പെടുത്തലുകളും പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. സി.പി.എമ്മില്‍ ഒളിഞ്ഞിരിക്കുന്ന വിഭാഗീയതയുടെ ബഹിര്‍സ്ഫുരണമാണ് അന്‍വറിലൂടെ ആദ്യം കണ്ടത്. എന്നാല്‍ മുഖ്യമന്ത്രി കടുപ്പിച്ചപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അന്‍വറിനെ വഴിയിലാക്കി ഓടി ഷെഡ്ഡില്‍ കയറി. പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതായിരുന്നു അന്‍വറിന്റെ ഇന്നത്തെ പത്രസമ്മേളനം – പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അറിയാതെ പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു എം.എല്‍.എയ്ക്ക് നിര്‍ദ്ദേശം നല്‍കില്ല. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും അതില്‍ പങ്കുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരെണ്ണം പ്രതിപക്ഷ നേതാവിനും എതിരെ കിടന്നോട്ടെയെന്നാണ് സി.പി.എം കരുതിയത്.

കെ റെയില്‍ വന്നാല്‍ 2050 ആകുമ്പോഴേക്കും കേരളത്തില്‍ ഐ.ടി കമ്പനികള്‍ കൊണ്ട് നിറയുമെന്നും ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും ഐ.ടി കമ്പനികള്‍ പൂട്ടിപ്പോകുമെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ കെ റെയില്‍ അട്ടിമറിക്കുന്നതിനു വേണ്ടി വെറും എം.എല്‍.എ ആയിരുന്ന എന്നെ സ്വാധീനിച്ചു എന്നതായിരുന്നു ആരോപണം. മുഖ്യമന്ത്രി ആക്കാമെന്ന ഉറപ്പില്‍ 150 കോടി രൂപ കേരളത്തിലേക്ക് അയച്ചെന്നും അത് ഞാന്‍ ആര്‍ക്കും നല്‍കാതെ ബാംഗ്ലൂരിലേക്ക് കൊടുത്തുവിട്ടെന്നും ആരോപിച്ചു. എന്നാല്‍ ഇങ്ങോട്ട് കൊണ്ടു വന്ന വഴി പറഞ്ഞവര്‍ അങ്ങോട്ട് പണം അയച്ചത് എങ്ങനെയെന്നു പറയാത്തത് എന്തുകൊണ്ടാണെന്ന് അന്നു ഞാന്‍ ചോദിച്ചതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതുപോലൊരു ആരോപണം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കാന്‍ അനുമതി കൊടുത്തത്. എന്തൊരു നാണക്കേടാണിത്. അതുകൊണ്ടാണ് നിങ്ങളെ ഓര്‍ത്ത് ചിരിക്കണോ കരയണോ എന്ന് നിയമസഭയില്‍ ചോദിച്ചത്. ആരോപണം നിയമസഭാ രേഖയില്‍ നിന്നും നീക്കം ചെയ്യരുതെന്നാണ് ഞാന്‍ അന്ന് ആവശ്യപ്പെട്ടത്. അത് രേഖയായി അവിടെ തന്നെ കിടക്കട്ടെ.

അന്‍വറിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് ഒരു നിലപാടുമില്ല. പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യേണ്ട സമയത്ത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും. വാതില്‍ അടച്ചിട്ടുമില്ല, വാതില്‍ തുറന്നിട്ടുമില്ല. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാനാര്‍ത്ഥി ആരെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ദേശീയ നേതൃത്വത്തിന് നല്‍കി അവര്‍ അത് അംഗീകരിച്ച് യു.ഡി.എഫ് കക്ഷികളെ അറിയിക്കുകയെന്നതാണ് രീതി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ സാര്‍ വിജയിച്ചതു പോലെ വന്‍ ഭൂരിപക്ഷത്തിന് ജയിക്കും.

ഹീനമായതും അടിസ്ഥാനരഹിതവുമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയെന്നതും മുഖ്യമന്ത്രിക്കും ഉപജാപകസംഘത്തിനും എതിരെ ആരോപണം ഉന്നയിക്കാന്‍ സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ പിന്തുണ അന്‍വറിന് ഉണ്ടായിരുന്നെന്നുമാണ് ഇപ്പോള്‍ വ്യക്തമായത്. സി.പി.എമ്മില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് വ്യക്തമായത്. ഇതു തന്നെയാണ് പ്രതിപക്ഷം നേരത്തെ പറഞ്ഞതും. അന്‍വര്‍ പോയത് എല്‍.ഡി.എഫിന് വലിയ നഷ്ടമാണെന്നു പറയാന്‍ എം.വി ഗോവിന്ദന് പറ്റുമോ? പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് അന്‍വര്‍ ചെയ്തത്.

എന്‍.എം വിജയന്റെ മരണശേഷം ആദ്യമായാണ് വയനാട്ടില്‍ എത്തുന്നത്. ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു. മകനെ പ്രകോപിപ്പിച്ച് എനിക്കെതിരെ തിരിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അന്ന് ശ്രമിച്ചു. കത്ത് കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോയെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. പറവൂരിലെ ഓഫീസില്‍ എത്തിയാണ് കുടുംബാംഗങ്ങള്‍ എനിക്ക് കത്ത് നല്‍കിയത്. കത്തിലെ ക്ലാരിറ്റി കുറവുള്ള ഭാഗങ്ങള്‍ ഞാന്‍ അവരോട് ചോദിച്ച് മനസിലാക്കി. കെ.പി.സി.സി അധ്യക്ഷന്‍ വന്നാല്‍ ഉടന്‍ തീരുമാനം പറയാമെന്നാണ് അവരെ അറിയിച്ചത്. പിന്നീട് പൊലീസ് വന്ന് കത്ത് എടുത്തു കൊണ്ട് പോയപ്പോഴാണ് അവര്‍ മാധ്യമങ്ങളോട് കത്തിന്റെ കാര്യം പറഞ്ഞത്. ബി.ജെ.പിയും സി.പി.എമ്മും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞത് മകനല്ല, ഒപ്പ വന്നയാളാണ്. ആ കുടുംബത്തെ കുറിച്ച് മോശമായ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ ഇതു സംബന്ധിച്ച് തീരുമാനം എടുക്കും. അന്വേഷണം നടക്കുമ്പോള്‍ അതേക്കുറിച്ച് പറയേണ്ടതില്ല.

ഒരുപാട് ആത്മഹത്യകള്‍ നടക്കാന്‍ സാധ്യതയുള്ളതാണ് ബ്രഹ്‌മഗിരി സൊസൈറ്റി ഇടപാട്. 200 മുതല്‍ 400 കോടി രൂപയാണ് സി.പി.എം നേതാക്കള്‍ തട്ടിയെടുത്തത്. നിരവധി പേരാണ് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരുടെ വീടുകളില്‍ പോയി 400 കോടിയുടെ ബാധ്യത സി.പി.എം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് എം.വി ഗോവിന്ദന്‍ ആദ്യം ചെയ്യേണ്ടത്. എത്ര പേരാണ് പെന്‍ഷന്‍ കിട്ടിയ പണം സൊസൈറ്റിയില്‍ നല്‍കിയത്. അവരുടെയൊക്കെ കാര്യം എം.വി ഗോവിന്ദന്‍ ആദ്യം അന്വേഷിക്കട്ടെ. 400 കോടിയാണ് സി.പി.എം നേതാക്കള്‍ അടിച്ചു മാറ്റിയത്. എന്നിട്ടാണ് സംസ്ഥാന സെക്രട്ടറി നാണമില്ലാതെ എന്‍.എം വിജയന്റെ ബാധ്യത ഏറ്റെടുക്കുമെന്നു പറയുന്നത്. പൊലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിനെ പോലെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ആരെയും പ്രതിരോധിച്ചിട്ടുമില്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി അന്വേഷണം നടത്തുന്നത്.

നിയമനങ്ങള്‍ സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. നിയമനത്തിന്റെ പേരില്‍ അഴിമതി നടത്താന്‍ പാടില്ല. അതിനു വേണ്ടി പ്രോട്ടോകോള്‍ ഉണ്ടാക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x