News

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോട് മാപ്പ്! അഴിമതി ആരോപണം ചതി – പിവി അൻവർ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് പരസ്യമായി മാപ്പ് അപേക്ഷിച്ച് പിവി അൻവർ. നിയമസഭയിൽ തെറ്റായ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് അൻവറിന്റെ മാപ്പ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. രാജിക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അൻവർ സതീശനെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലം വിശദീകരിച്ചത്.

‘ഒരുപാട് പാപഭാരവുമായാണ് താൻ ജീവിക്കുന്നത്. അതിലൊന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ച് കേരള നിയമസഭയിൽ ഞാൻ ഉന്നയിച്ച വലിയ ഒരു ആരോപണമാണ്. ഇനിയത് വിശദീകരിക്കുകയല്ലാതെ രക്ഷയില്ല.

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി ആരോപണങ്ങൾ ഉയരുന്ന സമയമാണത്, മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ളവർ നിരവധി വിഷയങ്ങൾ മുഖ്യമന്ത്രിക്കെതിരെ ഉയർത്തുന്നുണ്ട്. അപ്പോൾ തനിക്കും വിഷമം തോന്നി ഒരാളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയാണോ എന്ന ചിന്തയായിരുന്നു തനിക്ക്.

ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി തന്നോട് ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറയുന്നത്. വി.ഡി. സതീശനെതിരെ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കണം എന്ന് നിർദ്ദേശിച്ചത്. സിപിഎം നേതൃത്വവുമായി സംസാരിച്ചിട്ടാണെന്ന് പറഞ്ഞാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.

പി ശശി പറഞ്ഞ സമയത്തുള്ള നിയമസഭാ സമ്മേളനം നേരത്തെ പിരിഞ്ഞതിനാല്‍ അടുത്ത നിയമസഭാ സമ്മേളന സമയത്ത് ഈ വിഷയം ഡ്രാഫ്റ്റ് ചെയ്ത് തരികയായിരുന്നു. 150 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി കേരളത്തിൽ വന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ ടൈപ്പ് ചെയ്ത് തരികയായിരുന്നു. എംഎൽഎ ഇത് നിയമസഭയിൽ ഉന്നയിക്കണം എന്നും അവർ നിർദ്ദേശിച്ചു.

അപ്പോൾ എനിക്കും ആവേശം വന്നു. 150 കോടി കൈക്കൂലി വാങ്ങിയവരാണോ ഞാൻ പിതാവിനെ പോലെ സ്‌നേഹിച്ചിരുന്ന മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്ന ചിന്തയിലാണ് ഞാനത് പറയുന്നത്. മറ്റ് പാർട്ടി എംഎൽഎയെക്കൊണ്ട് പറയിക്കരുതോ എന്ന് ചോദിച്ചപ്പോൾ അൻവർ മതിയെന്ന് ശശി പറഞ്ഞു. അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കറുമായി ആലോചിച്ച് പാർട്ടി എടുത്തോളും എന്നും അറിയിച്ചു.

ഞാൻ ആരോപണം വെറുതെ ഉന്നയിച്ചതല്ല. സ്പീക്കറുടെ പെർമിഷനോടെയാണ് താൻ സഭയിൽ ആരോപണം ഉന്നയിച്ചു. ഇക്കാര്യം പൂർണ്ണമായും ശരിയാണെന്ന് തന്നെ വിശ്വസിപ്പിച്ചാണ് ഇത് പറയിക്കുന്നത്. അവർ പറഞ്ഞ ബോധ്യത്തിന്റെയും വ്യക്തിപരമായ വികാരത്തിന്റെയും പുറത്താണ് വി.ഡി. സതീശനെതിരെ ഈ ആരോപണം ഉന്നയിച്ചത്.

കോൺഗ്രസ് നേതൃത്വത്തിന് മുന്നിലും വി.ഡി. സതീശനോടും ഒരു ശത്രുതയുണ്ടാക്കുക എന്നതായിരുന്നു പി. ശശി യുടെ ഉദ്ദേശം എന്ന് താൻ മനസ്സിലാക്കുന്നു. ഇതിനാൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും കേരള സമൂഹത്തോടും താൻ മാപ്പ് ചോദിക്കുന്നു. പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ വിഷമത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പി.വി. അൻവർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇതിൻ്റെ വസ്തുതകള്‍ ഉള്‍ക്കൊണ്ട് തന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്നും പിവി അൻവർ അപേക്ഷിച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ട് രാജിക്കത്തു കൈമാറിയാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി നിയമിതനായ പി.വി. അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്ത കാറിലാണ് അൻവർ സ്പീക്കറെ കാണാനെത്തിയത്. ഒന്നര വർഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിൻറെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x