News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക്; പ്രതീക്ഷയോടെ യു.ഡി.എഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക്. പി.വി. അൻവർ നിയമസഭാഗത്വം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് നിലമ്പൂർ.

ആര്യാടൻ മുഹമ്മദിൻ്റെ കുത്തകയായ നിലമ്പൂരിൽ ആര്യാടൻ്റെ മകൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി.വി അൻവർ 2016 ൽ എം എൽ എ ആകുന്നത്. 11,504 വോട്ടിനായിരുന്നു അൻവറിൻ്റെ ജയം. 2021 ൽ കടുത്ത പോരാട്ടത്തിൽ ജനകീയനായ വി.വി പ്രകാശും അൻവറിൻ്റെ മുന്നിൽ പരാജയപ്പെട്ടു. 2700 വോട്ടിനായിരുന്നു അൻവർ ജയിച്ചത്.

ജനങ്ങളോട് ചേർന്നു നിന്നുള്ള രാഷ്ട്രീയമാണ് അൻവർ പയറ്റിയത്. രണ്ട് തവണ നിലമ്പൂർ അൻവറിനെ ചേർത്ത് നിറുത്തിയതിൻ്റെ കാരണവും മറ്റൊന്നല്ല. പിണറായിയുടെ മാനസപുത്രനായിരുന്നു ഒരു കാലത്ത് അൻവർ. മുഹമ്മദ് റിയാസിൻ്റെ വരവോടെയാണ് പിണറായി അൻവറിൽ നിന്നും അകന്നത്.

പി. ശശിയുടെ പിന്തുണയോടെ റിയാസ് നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെ പിണറായിയും അൻവറുമായി പൂർണമായി തെറ്റി. കേന്ദ്രവും ആയി പല ഘട്ടത്തിലും ഒത്ത് തീർപ്പ് രാഷ്ട്രീയം കളിച്ച പിണറായിയുടെ പൊയ്മുഖം അൻവർ പൊതുമധ്യത്തിൽ തുറന്ന് കാട്ടി.

പ്രഖ്യാപിത ശത്രുവായ അൻവറിൻ്റെ നിലമ്പൂരിൽ ജയിക്കേണ്ടത് പിണറായിക്ക് നിർണായകമാണ്. അതുകൊണ്ട് തന്നെ കടുത്ത പോരാട്ടമാകും ഇത്തവണ നിലമ്പൂരിൽ ഉണ്ടാകുക. നിലമ്പൂരിൽ മൽസരിക്കില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ച് അൻവറും രംഗത്ത് വന്നത് യു ഡി എഫിൻ്റെ വിജയ സാധ്യതകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്.

തൃക്കാക്കര , പുതുപ്പള്ളി, പാലക്കാട്, ചേലക്കര എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. ഉമ്മൻ ചാണ്ടി , പി.ടി തോമസ് എന്നിവരുടെ മരണത്തെ തുടർന്നാണ് പുതുപ്പള്ളിയിലും തൃക്കാക്കരയിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാടും ചേലക്കരയും ഉപതെരഞ്ഞെടുപ്പിലേക്ക് പോയത്.

നടന്ന നാല് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിലും യു.ഡി. എഫ് ആണ് ജയിച്ചത്. ചേലക്കരയിൽ എൽ. ഡി.എഫും. തൃക്കാക്കരയിൽ 2021 ൽ 14, 329 വോട്ടിനാണ് പി.ടി തോമസ് ജയിച്ചത്. പി.ടി തോമസിൻ്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് ജയിച്ചത് 25016 വോട്ടിനും. റെക്കോഡ് ഭൂരിപക്ഷം ആണ് തൃക്കാക്കര ഉമ തോമസിനും യു.ഡി.എഫിനും നൽകിയത്.

2021 ൽ 9044 വോട്ടിന് ഉമ്മൻ ചാണ്ടി ജയിച്ച പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് 37, 719 വോട്ടിൻ്റെ വമ്പൻ ഭൂരിപക്ഷത്തിനാണ്. പാലക്കാട് 2021ൽ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത് 18,840 വോട്ടിനാണ്. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ റെക്കോഡ് ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങൾ.

മറുവശത്ത് ചേലക്കരയിൽ 2021 ൽ കെ. രാധാകൃഷ്ണൻ ജയിച്ചത് 39, 400 വോട്ടിനാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ യു.ആർ. പ്രദീപിന് ജയിക്കാൻ ആയത് 12, 201 വോട്ടിന് മാത്രമാണ്. വർഷങ്ങളായി കുത്തകയാക്കിയ ചേലക്കരയിൽ പോലും എൽ. ഡി.എഫിന് ദയനിയ ജയം ആണ് ഉണ്ടായത്.

അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് യു.ഡി. എഫിൻ്റെ വിജയത്തിന് കാരണമായത്. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ സതീശനും സംഘത്തിനും കഴിഞ്ഞു. ഭരണ വിരുദ്ധ വികാരത്തിന് പുറമെ അൻവറിൻ്റെ പിന്തുണയും നിലമ്പൂർ പിടിക്കാൻ യു.ഡി എഫിനെ സഹായിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x