Health

തലയോട്ടി തുറക്കാതെ ബ്രെയിൻ എവിഎം രോഗത്തിന് നൂതന ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിലും

യുവാക്കളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം.

മലപ്പുറം സ്വദേശിയായ 25 വയസുകാരനാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കീഴിൽ ട്രാൻസ് വീനസ് റൂട്ട് എമ്പോളൈസേഷൻ എന്ന ചികിത്സ നടത്തിയത്.

സംസാരശേഷി നഷ്ടപ്പെട്ട് ഒരു വശം തളർന്നാണ് രോഗിയെ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട രോഗിയെ ഡിസ്ചാർജ് ചെയ്തു.

രാജ്യത്ത് വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ രീതിയിൽ ചികിത്സ വിജയകരമായി നടത്തിയിട്ടുള്ളൂ. വിജയകരമായി നൂതന ചികിത്സ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

രക്താതിമർദം മൂലമോ പരുക്ക് മൂലമോ കാരണമല്ലാതെ തലച്ചോറിൽ രക്തസ്രാവമുണ്ടാക്കുന്ന ഒരു അസുഖമാണ് ബ്രെയിൻ എവിഎം. രക്തക്കുഴലുകൾ ജന്മനാ കെട്ടുപിണഞ്ഞു കിടക്കുന്ന ഈ അവസ്ഥയ്ക്ക് തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയയാണ് ചികിത്സ.

തലയൊട്ടി തുറക്കാതെ കാലിലെ രക്തക്കുഴൽ വഴി നടത്തുന്ന പിൻ ഹോൾ ചികിത്സയായ എമ്പോളൈസേഷൻ സാധാരണ രീതിയിൽ ട്രാൻസ് ആർടീരിയൽ റൂട്ട് വഴിയാണ് നടത്തുന്നത്. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ കത്തീറ്റർ കടത്തി വിട്ടതിന് ശേഷം അമിത രക്തസ്രാവം തടയുന്നു. എന്നാൽ ട്രാൻസ് വീനസ് റൂട്ട് വഴി ചികിത്സിക്കുമ്പോൾ തലച്ചോറിൽ നിന്ന് തിരികെ രക്തം ഒഴുകി വരുന്ന സിരകളിലൂടെ (വെയിൻ) കത്തീറ്റർ കടത്തി വിട്ടാണ് ചികിത്സിക്കുന്നത്. ധമനികളിലൂടെ നടത്തുന്ന ചികിത്സയുടെ കൂടെ ട്രാൻസ് വീനസ് റൂട്ട് ചികിത്സ കൂടി കടന്നു വന്നതോടെ 95 ശതമാനം എവിഎം കേസുകളിലും തലയോട്ടി തുറക്കാതെയുള്ള എമ്പോളൈസേഷൻ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.

പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. രാധ, റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജൻ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ ഇന്റർവെൻഷണൽ റേഡിയോളജിസ്റ് ഡോ. രാഹുൽ, അനെസ്തെറ്റിസ്റ്റുമാരായ ഡോ. ആന്റോ, ഡോ. അതുൽ എന്നിവർ ചേർന്നാണ് ചികിത്സ നടത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x