
കളിച്ചത് 42 മിനിട്ട്, അടിച്ചത് 1 ഗോൾ, പ്രതിഫലം 895 കോടി; വാർത്തകളിൽ നിറഞ്ഞ് നെയ്മർ
ഒരു മണിക്കൂർ പോലും കളിക്കാതെ ലഭിച്ചത് 895 കോടി. ബ്രസീൽ സൂപ്പർ താരം നെയ്മറിന് ലഭിച്ച കോടികളാണ് ഫുട്ബോൾ ലോകത്തെ ചർച്ച വിഷയം. ഫ്രഞ്ച് ഫുട്ബോൾ ഡേറ്റ ഓൺലൈനായ ഫുട് മാർക്കെറ്റോയാണ് നെയ്മറിന് ലഭിച്ച കോടികളുടെ കണക്ക് പുറത്ത് വിട്ടത്.
2023ലാണ് നെയ്മർ സൗദി ക്ലബായ അൽഹിലാലിൽ ചേർന്നത്. തുടർ പരിക്കുകൾ കാരണം കളത്തിന് പുറത്തായ നെയ്മർ വെറും 42 മിനിട്ടാണ് അൽഹിലാലിനായി കളത്തിലിറങ്ങിയത്. എന്നാൽ കരാർ പ്രകാരം പ്രതിഫലമായി ലഭിച്ചത് 895 കോടി രൂപ. ഒരു ഗോളാണ് അൽ ഹിലാനിയായി നെയ്മർ നേടിയത്.
ബ്രസിലിനു വേണ്ടിയും മറ്റ് ക്ലബ്ബുകൾക്കുമായി 714 മത്സരങ്ങളിൽ നിന്ന് 438 ഗോളുകളാണ് നെയ്മർ നേടിയത്. ബ്രസിലിന് വേണ്ടി 128 മൽസരങ്ങളിൽ കളിച്ച നെയ്മർ 79 ഗോളുകൾ നേടി. പി എസ് ജിക്ക് വേണ്ടി 118 ഗോളും ബാർസിലോണക്ക് വേണ്ടി 105 ഗോളും സാൻ്റോസിനു വേണ്ടി 136 ഗോളും നെയ്മർ നേടി. പരുക്കാണ് നെയ്മറെ സ്ഥിരം വലയ്ക്കുന്നത്.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തിയത്. ആറു വർഷത്തെ പി.എസ്.ജി കരിയറിൽ 173 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടി. പിഎസ്ജി വിടാൻ തീരുമാനിച്ച നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകൾക്കിടെയാണ് വൻതുകയ്ക്ക് അൽ ഹിലാൽ നെയ്മറെ റാഞ്ചിയത്.