
ഡോക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം
ഡോക്ടർമാർക്ക് കൂട്ട സ്ഥലം മാറ്റം. ആരോഗ്യ സർവ്വകലാശാലയുടെയും നാഷണൽ മെഡിക്കൽ കമ്മീഷൻ്റെയും പരിശോധന മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജ് അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
71 പേരെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കാസർകോട്, വയനാട് മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയത്.
വയനാട് മെഡിക്കൽ കോളേജിലേക്ക് 29 പേരെയും കാസർകോട് മെഡിക്കൽ കോളേജിലേക്ക് 42 പേരെയും ആണ് മാറ്റി നിയമിച്ചത്. ഒരു വർഷം മുൻപ് പൊതു സ്ഥലം മാറ്റം ലഭിച്ചവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
അശാസ്ത്രീയമായ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി. എം. സി. ടി.എ ആവശ്യപ്പെട്ടു. പുതിയ തസ്തിക അനുവദിച്ച് നിയമനം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
മെഡിക്കൽ കോളേജിൽ ചികിൽസക്കും അധ്യാപനത്തിനും ആവശ്യമായ ഡോക്ടർമാർ ഇല്ലെന്നിരിക്കെ പുതിയ സ്ഥലംമാറ്റം സ്ഥിതി ഗുരുതരമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷ ഡോ. ടി. റോസ്നാര ബീഗവും ജനറൽ സെക്രട്ടറി ഡോ. ഗോപകുമാറും പറഞ്ഞു.