Kerala Government News

പെൻഷൻ പ്രായം ഉയർത്താൻ സുപ്രീം കോടതിയിൽ ഹർജി

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ വിരമിക്കൽ പ്രായത്തിലെ വിവേചനം ചോദ്യംചെയ്തുള്ള പ്രത്യേകാനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വിരമിക്കൽ പ്രായം ഉയർത്താതിരിക്കുന്ന സർക്കാരിന് കിട്ടിയിരിക്കുന്ന പ്രതീക്ഷയുടെ കിരണമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായിരിക്കുന്നത്.

കോൺട്രിബ്യൂട്ടറി പെൻഷൻകാർക്ക് 60 വയസ്സും സ്റ്റാറ്റിയൂട്ടറി പെൻഷൻകാർക്ക് 56 വയസ്സുമാണു നിലവിലെ വിരമിക്കൽ പ്രായം. ഈ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പിലെ രണ്ട് ജീവനക്കാരാണു കോടതിയെ സമീപിച്ചത്. വിരമിക്കൽ പ്രായം 60 ആക്കണമെന്നാവശ്യപ്പെട്ടാണു ഹർജി. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനേത്തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജിയെ പ്രത്യക്ഷത്തിൽ എതിർക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധികാരണം വിരമിക്കൽ പ്രായം ഉയർത്തണമെന്നാണു സംസ്ഥാന സർക്കാരിന്റെ മനസ്സിലിരിപ്പ്. യുവജനസംഘടനകൾ രൂക്ഷമായി എതിർക്കുന്നതിനാൽ സർക്കാരിന് ഹർജിയെ പിന്താങ്ങാനാവില്ല. മുതിർന്ന അഭിഭാഷകനെ സർക്കാർ നിയോഗിച്ചതുതന്നെ കേസ് നന്നായി നടത്തിയെന്ന് ബോധ്യപ്പെടുത്താനാണ്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണു ഹർജി പരിഗണിക്കുന്നത്.

സുപ്രീം കോടതി പച്ചക്കൊടി കാട്ടിയാൽ വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാരിനത് ന്യായീകരണമാകും. നിലവിൽ സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും വിരമിക്കൽ പ്രായം ഉയർത്തിയിട്ടുണ്ട്.

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ആവശ്യം സർക്കാർ നടപ്പാക്കാത്തതിൽ ഹൈക്കോടതിക്കും അതൃപ്തിയുണ്ട്. 2022 സെപ്റ്റംബറിൽ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 56-ൽനിന്ന് 58 ആയി ഉയർത്തണമെന്ന് 2022 ഒക്ടോബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ശിപാർശ ചെയ്തത്. എന്നാൽ, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താത്ത സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ മറുപടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിനു വീണ്ടും കത്തയച്ചിട്ടുണ്ട്.

നിയമസഭ പാസാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണു ജീവനക്കാരുടെ വിരമിക്കൽ പ്രായം നിർണയിക്കുന്നത്. അത് സർക്കാരിന്റെ നയപരമായ തീരുമാനമായതിനാൽ, നിയമം ഭേദഗതി ചെയ്യണമെന്ന തരത്തിൽ ‘റിട്ട് ഓഫ് മാൻഡമസ്’ നിർദേശം നൽകാനാകുമോയെന്നാണു സുപ്രീംകോടതി പരിശോധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനസർക്കാരിന്റെ പ്രതീക്ഷയും ആ സാധ്യതയിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x