ജനുവരി 22ന് സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിൻമാറാൻ സർക്കാർ അഭ്യർത്ഥിക്കും. പണിമുടക്കിന് നോട്ടിസ് നൽകിയ സെറ്റോ ഭാരവാഹികളെയും സിപിഐ സർവീസ് സംഘടന ഭാരവാഹികളോടും പണിമുടക്കിൽ നിന്ന് പിൻമാറണമെന്ന് ചീഫ് സെക്രട്ടറി നേരിട്ട് അഭ്യർത്ഥിക്കും.
സർക്കാരിന്റെ ആവശ്യം തള്ളി സംഘടനകൾ പണിമുടക്കിൽ ഉറച്ച് നിന്നാൽ ഡയസ്‌നോൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പ്രഖ്യാപിക്കും. ജനുവരി 17 മുതൽ നിയമസഭ സമ്മേളനം ആരംഭിക്കുകയാണ്. ഈ അവസരത്തിൽ ജീവനക്കാർ പണിമുടക്കിലേക്ക് പോയാൽ അത് സഭ പ്രവർത്തനങ്ങളെ ബാധിക്കും. അതുകൊണ്ടാണ് തിരക്കിട്ട നടപടിയിലേക്ക് സർക്കാർ പോകുന്നത്.
സിപിഐ സർവീസ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. സിപിഐ നേതൃത്വത്തോട് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ അനിഷ്ടം തുറന്ന് പറഞ്ഞു. പ്രതിപക്ഷ സർവീസ് സംഘടനകൾ പണിമുടക്കിൽ ഉറച്ച് നിന്നാലും സിപിഐ സർവീസ് സംഘടനകളെ പണിമുടക്കിൽ നിന്ന് പിൻവലിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ജീവനക്കാരുടെ കാര്യങ്ങളിൽ സർക്കാർ അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി പണിമുടക്കിൽ നിന്ന് ഭരണകക്ഷി സർവീസ് സംഘടനകളെ പിന്തിരിപ്പിക്കാനാണ് നീക്കം. സിപിഐ സർവീസ് സംഘടനകളും പ്രതിപക്ഷ സർവീസ് സംഘടനകളും ഒരേദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നുവെന്നതാണ് ജനുവരി 22ന്റെ പ്രത്യേകത.
ക്ഷാമബത്ത (19%), ലീവ് സറണ്ടർ, ശമ്പള പരിഷ്‌ക്കരണം കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ തിരികെ നൽകുക,
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 01/07/2024 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക, സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്‌ക്കാര ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.