ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
റിമാന്‍ഡ് ചെയ്തുള്ള വിധി കേട്ട് ബോബി ചെമ്മണ്ണൂര്‍ പ്രതികൂട്ടിൽ തളര്‍ന്ന് ഇരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു.
ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്‍റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. കൂടുതൽ പ്രതികരണത്തിനില്ലെന്നും ഹണി വ്യക്തമാക്കി.
ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു.
ബോബി ചെമ്മണ്ണൂര്‍ ജാമ്യം ലഭിച്ചാല്‍ വിദേശത്തേക്ക് ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു . ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ളയാളുമായ പ്രതിക്ക് ഈ അവസരത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും സാധ്യതയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.