ഗവർണർക്ക് 13 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ മാസം 3 നാണ് അധിക ഫണ്ട് അനുവദിച്ചത്.
നവംബർ 14 ന് പണം ആവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിന്ന് ഒഴിഞ്ഞതിന് ശേഷമാണ് പണം അനുവദിച്ചതെന്നതാണ് ശ്രദ്ധേയം.
ജനുവരി 2 നാണ് രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. പിറ്റേ ദിവസം അതായത് ജനുവരി 3 ന് ബാലഗോപാൽ വക ആവശ്യപ്പെട്ട പണവും എത്തി.
വാട്ടർ ചാർജിന് 5 ലക്ഷവും വാഹന റിപ്പയറിംഗ് , മെയിൻ്റ നൻസിന് 1 ലക്ഷവും ഇന്ധനത്തിന് 2 ലക്ഷവും മറ്റ് ഇനങ്ങൾക്ക് 5 ലക്ഷവും ആണ് അധിക ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാൻ പോയതിന് പിന്നാലെ ആരിഫിൻ്റെ വിശ്വസ്തരായ സുരക്ഷ സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി മാറ്റിയിരുന്നു. പകരം സർക്കാരിന് വേണ്ടപ്പെട്ടവരെ പുതിയ ഗവർണറുടെ സുരക്ഷക്കായി നിയോഗിക്കുക ആയിരുന്നു.
സുരക്ഷ സംഘത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ ആർലേക്കറെ പരാതി അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ കളി പൊളിഞ്ഞു. മാറ്റിയ സുരക്ഷ ഉദ്യോഗസ്ഥർ ശരവേഗത്തിൽ രാജ്ഭവനിൽ തിരിച്ചെത്തി. ആദ്യ ദിനം തന്നെ പിണറായിയെ തിരുത്തിയ ആർലേക്കറുടെ നടപടി സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.