
ഹണി റോസിനെ അപമാനിച്ച ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയെ തുടർന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
തുടർന്ന് ബോബി ഒളിവിൽ പോകാനുള്ള സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി പോലീസിന്റെ നിർദേശ പ്രകാരം വയനാട് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബോബിയെ ഇന്ന് തന്നെ കൊച്ചിയിലെത്തിക്കും.
പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
ചോബി ചെമ്മണ്ണൂറിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഹണിറോസിനെ അന്ന് അപമാനിക്കുന്ന തരത്തില്‍ ബോബി പരാമർശം നടത്തിയിരുന്നു. ഇതിന് ശേഷം ഈ വ്യവസായിയുടെ സ്ഥാപനങ്ങളുമായി സഹകരിക്കാൻ ഹണിറോസ് തയ്യാറായിരുന്നില്ല. ഇതിന്റെ വ്യക്തിവൈരാഗ്യത്തിലാണ് ഓണ്‍ലൈൻ ചാനലുകളിലൂടെയും മറ്റ് സൈബർ പ്ലാറ്റ് ഫോമുകളിലും വളരെ മോശമായ പരാമർശങ്ങള്‍ നടത്തി ബോബി ചെമ്മണ്ണൂരും കൂട്ടാളികളും നടിയെ അപമാനിക്കല്‍ തുടർന്നത്. ഇതിനെതിരെ ഹണിയുടെ ഓഫീസും ബോബി ചെമ്മണ്ണൂരിന്റെ ഓഫീസും തമ്മില്‍ ആശയ വിനിമയം നടത്തിയിട്ടും അപമാനിക്കല്‍ തുടരുകയായിരുന്നു.
തന്നെ ഒരു വ്യക്തി പണത്തിന്റെ ഹുങ്കില്‍ നിരന്തരം അപമാനിക്കുന്നുവെന്ന് ബോബിയുടെ പേര് പരാമർശിക്കാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനും ഹണിറോസിനെതിരെ ക്രൂരമായ സൈബർ ആക്രമണം ഉണ്ടായി. ഇതേത്തുടർന്ന് ഇവരുടെ പരാതിയില്‍ ഇതുവരെ 23 പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മാപ്പ് പറയാൻ തയ്യാറായി രംഗത്തെത്തിയെങ്കിലും ബോബി ചെമ്മണ്ണൂരിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
