ചോദ്യോത്തര വേള ഒഴിവാക്കിയ സ്പീക്കറുടെ നടപടി വിവാദത്തിൽ. പുസ്തകമേളയുടെ പേര് പറഞ്ഞാണ് 3 ദിവസത്തെ ചോദ്യോത്തര വേള ഷംസീർ റദ്ദാക്കിയത്.
സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് സമ്മേളനത്തിന്‍റെ തുടക്കത്തിലെ മൂന്നു ദിവസത്തെ നിയമസഭ ചോദ്യോത്തര വേളയാണ് പൂർണമായി ഒഴിവാക്കിയത്.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ട ദിനങ്ങളിലെ ചോദ്യോത്തരവേളയാണു റദ്ദാക്കിയത്.
പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കുന്ന 20 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ ചോദ്യോത്തരവേളയാണ് ഒഴിവാക്കിയത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ തുടർച്ചയായി മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കുന്നത് അത്യപൂർവമാണ്.നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ ജോലിക്കായി നിയമസഭയിലെ മുഴുവൻ ജീവനക്കാരെയും നിയോഗിച്ച സാഹചര്യത്തില്‍ നിയമസഭാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തയാറാക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള തടസം നേരിടുന്ന സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിക്കുന്നതെന്നാണു വിശദീകരണം.
ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ ഒൻപതിനു നിയമസഭാ സമ്മേളനം തുടങ്ങുമെങ്കിലും ചോദ്യോത്തരവേള ഉണ്ടാകില്ല. സാധാരണയായി രാവിലെ ഒൻപതു മുതല്‍ 10 വരെ ഒരു മണിക്കൂറാണ് ചോദ്യോത്തരവേള. നിയമസഭാംഗങ്ങള്‍ക്കു മുഖ്യമന്ത്രിയോടും മന്ത്രിമാരോടുമുള്ള വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമാകുന്നതെന്നാണു പ്രതിപക്ഷ ആരോപണം.
നിയമസഭ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാത്ത മന്ത്രിമാരുടെ എണ്ണം വർദ്ധിക്കുകയാണ്. സർക്കാർ പ്രതിക്കൂട്ടിലാകുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നൽകാറേയില്ല. മറുപടി നൽകാത്ത നടപടിക്കെതിരെ സ്പീക്കർ നിരന്തര റൂളിംഗ് നൽകുന്നതും പതിവ് സംഭവമായി മാറി കഴിഞ്ഞു.
ഏറ്റവും കൂടുതൽ നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ്. ഏറ്റവും ഒടുവിൽ കെ.എഫ്.സി അനിൽ അംബാനിയുടെ കമ്പനിയിൽ കോടികൾ നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള യു.ഡി.എഫ് എം എൽ എ മാരുടെ ചോദ്യത്തിനും ബാലഗോപാൽ മറുപടി നൽകിയിരുന്നില്ല.
നിയമസഭ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കാതെ ഇരിക്കുമ്പോഴാണ് ഷംസീർ 3 ദിവസത്തെ നിയമസഭ ചോദ്യങ്ങൾ ഒഴിവാക്കുന്നത് എന്നതാണ് വിരോധാഭാസം. പുസ്തകമേള 13 ന് അവസാനിക്കും എന്നിരിക്കെ 20 മുതൽ 22 വരെ നിയമസഭ ചോദ്യങ്ങൾ ഒഴിവാക്കിയ ഷംസീറിൻ്റെ നടപടിക്കെതിരെ വിമർശനം ശക്തമാകുകയാണ്.
ചോദ്യങ്ങൾ ചോദിക്കുക എന്ന അംഗങ്ങളുടെ അവകാശമാണ് സ്പീക്കർ 13 ന് തീരുന്ന പുസ്തക മേളയുടെ പേരിൽ നിഷേധിക്കുന്നത്.