എഡിജിപി അജിത് കുമാറിന് സമ്പൂർണ്ണ ക്ലീൻചിറ്റ് നൽകുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ആസ്ഥാനാർത്ഥ് സമർപ്പിച്ചു. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത് കുമാറിന് അനുകൂലമായ അന്വേഷണ റിപ്പോർട്ട്. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്‌ളാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട്.
വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഷിബു പാപ്പച്ചൻറെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണു വിജിലൻസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട്. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പരാതികൾ തെളിയിക്കാനുള്ള യാതൊരു രേഖകളും സമർപ്പിച്ചില്ലെന്നും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കവടിയാറിലെ വീട് നിർമാണത്തിനായി എസ്ബിഐയിൽനിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കുറവൻകോണത്ത് ഫ്‌ളാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്കു മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബിൽഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്കു കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ൽ കമ്പനി ഫ്‌ളാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ളാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി. 4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ളാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപനയ്ക്കു 10 ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്കു റജിസ്റ്റർ ചെയ്തു. 8 വർഷം കൊണ്ടുണ്ടായ മൂല്യവർധനയാണു വീടിന്റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലൻസ് കണ്ടെത്തൽ.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിൻറെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിൻറെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
റിപ്പോർട്ട് അതേപടി സർക്കാരിനു കൈമാറുമോ, കൂടുതൽ അന്വേഷണം ആവശ്യപ്പെടുമോ എന്നതിൽ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിലപാട് നിർണായകമാകും.