യുഡിഎഫ് അധികാരത്തിൽ വരണം; മരിച്ചു കൂടെ നിൽക്കും: പിവി അൻവർ

PV Anvar MLA

വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂവെന്ന് പിവി അൻവർ എംഎല്‍എ. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. വന നിയമഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനനിയമ ഭേദഗതി വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, യുഡിഎഫ് പ്രവേശന ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് പി.വി.അൻവർ. യുഡിഎഫ് നേതാക്കളെ അൻവർ കാണും. ഇന്ന് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് മാർച്ചിനു പിന്നാലെയുണ്ടായ അൻവറിന്റെ അറസ്റ്റിനെ തുടർന്ന് യുഡിഎഫ് നേതാക്കൾ അനുകൂല സമീപനമാണ് സ്വീകരിച്ചത്.

ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എന്നെ മുന്നണിയിൽ എടുക്കണോയെന്നു യുഡിഎഫാണു തീരുമാനിക്കേണ്ടത്. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനിൽക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങൾക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നിൽ ഞാനുണ്ടാകും.

പലരും ഭയപ്പെട്ടാണു സിപിഎമ്മിലും എൽഡിഎഫിലും തുടരുന്നത്. അവരെ യുഡിഎഫ് എങ്കിലും എടുക്കേണ്ടതല്ലേ? ഞാൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണു ചിന്തിക്കേണ്ടത്. ഇതുവരെ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാൽ സിപിഎം വിടാൻ ആഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്. യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎൽഎ സ്ഥാനവും മറ്റു പദവികളും തരേണ്ട – പിവി അൻവർ പറഞ്ഞു.

പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാൻ നീക്കം

പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാൻ നീക്കം. വനം മന്ത്രി എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിരിക്കുന്നത്?’’– അൻവർ ചോദിച്ചു. ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം? കാർബൺ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാർബൺ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥർ വനംവിസ്തൃതി വർധിപ്പിക്കുന്നത്. ‌എന്തുപറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ചു പറയുന്നവർ ഇതിന് ഉത്തരം പറയണം.

എല്ലാ നേതാക്കളെയും ആർഎസ്എസിന്റെ ചരടിൽ കെട്ടിയിരിക്കുകയാണ്. ആർക്കും മിണ്ടാൻ അധികാരമില്ല. അതാണു പിണറായിസം. ആ പിണറായിസം സിപിഎമ്മിന്റെ അടിവേര് തകർക്കും.കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാർട്ടികളുടെ പ്രബലരായ നേതാക്കൾ തമ്മിൽ അടുത്ത ബന്ധമുണ്ട്. പിണറായി–ബിജെപി–ആർഎസ്എസ് അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നത്.‌ പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആർഎസ്എസിന്റെ കൈകളിലാണ്. അവരുടെ തീരുമാനപ്രകാരമല്ലാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ പിണറായിക്കു സാധിക്കില്ല. കമ്യൂണിസ്റ്റ് പാ‍ർട്ടിയുടെ ചരിത്രത്തിന് അവസാനം കുറിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയാണു പിണറായി. ബംഗാളിൽ സംഭവിച്ചതുതന്നെ കേരളത്തിലുമുണ്ടാകും – അൻവർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിൽ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി വാർത്തയിൽ മാത്രമാണ് ഇവരെപ്പറ്റി കേൾക്കുന്നത്. തൊഴിലാളി സംഘടനകൾ സമരം നടത്തുന്നുണ്ടോ? ആദിവാസി സംഘടനകൾ സമരം നടത്തുന്നുണ്ടോ? ആർഎസ്എസുമായി ബന്ധപ്പെട്ടു ശക്തമായ അധികാരകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സിപിഎം ഇനി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണു മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് എൽപ്പിച്ചിരിക്കുന്നത്. എനിക്കു‌ശേഷം പ്രളയം എന്നതാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത. അതാണു പിണറായിയുടെയും സിപിഎമ്മിന്റെയും സമീപകാല നയങ്ങൾ വ്യക്തമാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments