Kerala

കുറുവാസംഘം ലക്ഷ്യം വയ്ക്കുന്നത് സാധാരണ വീടുകള്‍, ജാഗ്രത വേണമെന്ന് പോലീസ്

ആലപ്പുഴ; കുറുവാസംഘത്തിന്റെ കടന്നു വരവ് വീണ്ടും കേരളത്തെ ഭയത്തിലാക്കിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി ആലപ്പുഴ കേന്ദ്രീകരിച്ച് കുറുവാസംഘം കറങ്ങി നടക്കുന്നുണ്ട്. ആലപ്പുഴയില്‍ കുറച്ച് ദിവസങ്ങളിലായി നടന്ന മോഷണത്തിന് പിന്നില്‍ കുറുവകളാണെന്ന് പോലീസ് നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കനത്ത ജാഗ്രത വേണമെന്നും പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശബരിമല സീസണില്‍ കുറുവാ സംഘം സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. ആരെയും പേടിക്കാത്തതും കൂസലില്ലാത്തതുമായ വിഭാഗമാണ് കുറുവകള്‍. ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ നിരവധി ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിനാല്‍ തന്നെ ഈ സമയം ഇവര്‍ക്ക് വളരെ അനുകൂലമാണ്.

സിസിടിവികള്‍ ഉണ്ടെങ്കിലും കുറുവകള്‍ എത്താം. മാത്രമല്ല, വലിയ വീടുകളല്ല ഇവരുടെ ലക്ഷ്യമെന്നും സാധാരണക്കാരെയും സാധാരണ വീടുകളുമാണ് ഇവര്‍ നോട്ടമിടുന്നതും മോഷണം നടത്തുന്നതുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും പുറത്തിറങ്ങരുതെന്നും അതീവ ജാഗ്രത വേണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

അതേസമയം, കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *