News

പി.വി.അന്‍വർ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടു; യുഡിഎഫ് ചർച്ച ചെയ്യും

നാടകീയമായ അറസ്റ്റിനും ഒരുദിവസത്തെ ജയില്‍വാസത്തിനും ശേഷം പുറത്തിറങ്ങിയ പിവി അൻവർ എംഎല്‍എ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. ജയില്‍ മോചിതനായ ഉടനെയുള്ള പ്രതികരണത്തില്‍ യു.ഡി.എഫുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ കണ്ടു.

അന്‍വറിന്‍റെ മുന്നണിപ്രവേശം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. അധികാരത്തില്‍ വരാനുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കും. അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ യു.ഡി.എഫിന് എതിര്‍പ്പില്ലെന്നും തങ്ങള്‍ പറഞ്ഞു.

പി.വി.അന്‍വര്‍ യു.ഡി.എഫിലേക്ക് വരുന്നോ എന്നത് കൂട്ടായി ആലോചിച്ചെടുക്കേണ്ട രാഷ്ട്രീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അന്‍വറിനെക്കൊണ്ട് എനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതേ പിണറായി വിജയനെതിരെ അന്‍വര്‍ ഇനി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോ? അതാണ് കാലത്തിന്റെ കാവ്യനീതി. അത് സംഭവിച്ചു കഴിഞ്ഞു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല.

രാഷ്ട്രീയമായ തീരുമാനം രാഷ്ട്രീയമായ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കും. ഉചിതമായ സമയത്ത് തീരുമാനമെടുക്കും – വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, പി.വി.അന്‍വറിന്‍റെ യു.ഡി.എഫിലേക്കുള്ള വരവില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ യുവനിര. അന്‍വര്‍ തിരുത്തണമെന്ന വി.ടി.ബല്‍റാമിന്‍റെ നിലപാടിനെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും രംഗത്തെത്തി. മുൻ നിലപാടുകളിൽ ആശയ വ്യക്തത വരുത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇക്കാര്യത്തിൽ വി.ടി ബലറാമിന്‍റെ നിലപാടിനൊപ്പമാണെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

പി.വി.അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ എം.എം.ഹസന്‍. അന്‍വര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ഇതുവരെ യു.ഡി.എഫ് തീരുമാനം എടുത്തിട്ടില്ലെന്നും ഹസന്‍ ആലപ്പുഴയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *