
തൃശ്ശൂർ: ഉപതിരഞ്ഞെടുപ്പിൽ ചേലക്കര പിടിക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിക്ക് വസ്തുത മനസിലാക്കാനുള്ള കഴിവില്ല. 28 വര്‍ഷം ഭരിച്ചിട്ടും ഒരു ചുക്കും ചുണ്ണാമ്പും മണ്ഡലത്തിലില്ല. ചേലക്കര യുഡിഎഫ് പിടിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചേലക്കര പിടിക്കാമെന്നത് യുഡിഎഫിന്‍റെ വ്യാമോഹമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെയാണ് കെ സുധാകരൻ രംഗത്ത് എത്തിയത്. എട്ടുവര്‍ഷം സംസ്ഥാനം ഭരിച്ചിട്ട് പിണറായി എന്ത് ചെയ്തു? സീപ്ലെയിന്‍ പദ്ധതി യുഡിഎഫ് കൊണ്ടുവന്നതാണ്. ‘അന്ന് ഇവര്‍ കുറേ കുറ്റം പറഞ്ഞു’വെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സീപ്ലെയിന്‍ യുഡിഎഫിന്‍റെ കുഞ്ഞാണെന്ന് കെ. മുരളീധരനും പ്രതികരിച്ചു.
അതേ സമയം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സീ പ്ലെയിനിന്റെ പരീക്ഷണ പറക്കല്‍ നടന്നത് ഇന്നായിരുന്നു. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. പദ്ധതിയുടെ തുടക്കത്തിൽ തന്നെ ആശങ്ക അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വനം വകുപ്പ്.