News

‘ഞാൻ ഒറ്റയാൾ പോരാട്ടം നിർത്തി, ഇനി യുഡിഎഫിനൊപ്പം കൈകോർക്കും’: പിവി അൻവർ ജയിൽ മോചിതനായി

മലപ്പുറം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാൻ ഇനി ഒറ്റയാൾ പോരാട്ടമല്ല, യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്ന് പിവി അൻവർ എംഎൽഎ. ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അൻവർ. ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പിണറായിസത്തെ തകർക്കുകയെന്നതാണ് അജണ്ട. യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അൻവർ പറഞ്ഞു.

ദൈവത്തിന് നന്ദിയെന്ന് ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ അൻവർ പ്രതികരിച്ചു. ”പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. വന്യജീവി ഭീഷണി അങ്ങേയറ്റമാണ്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി.” അൻവർ പറഞ്ഞു.

എംഎൽഎ എന്ന നിലയ്ക്ക് കിട്ടേണ്ട ഒരു പരിഗണന പോലും കിട്ടിയിട്ടില്ല. ജയിലിൽ മോശമായ സ്ഥിതിയായിരുന്നു. ഭക്ഷണം കഴിച്ചില്ല. വളരെ മോശമായ ഭക്ഷണമായിരുന്നു. വെള്ളം മാത്രമാണ് കുടിച്ചത്. സാധാരണ തടവുകാരിൽ നിന്ന് വ്യത്യസ്തമായി ഒരു കട്ടിൽ മാത്രമാണ് ലഭിച്ചത്. ഒരുതലയണ പോലും തരാൻ തയ്യാറായില്ല. ഉച്ചയ്ക്കത്തെ ഭക്ഷണം ഭയം കാരണം കഴിച്ചില്ലെന്നും അൻവർ പറഞ്ഞു.

പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കുയാണെന്നും അൻവർ പറഞ്ഞു. എന്തിനാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങൾ പൂർണമായും സിപിഎമ്മിൽ നിന്ന് അകന്നു. ക്രിസ്ത്യൻ സമൂഹത്തിൽ നിന്ന് കിട്ടിയ പിന്തുണ പോലും പിണറായിക്ക് അടുത്ത തവണ കിട്ടില്ല. ആന ചവിട്ടിക്കൊല്ലുമ്പോൾ മുഖ്യമന്ത്രിയും വനം മന്ത്രിയും തടിയൂരുകയാണ്. ഫോറസ്റ്റ് അധികൃതർക്ക് അമിതാധികാരം കൊടുക്കുന്നതാണ് കേരളത്തിലെ പുതിയവനനിയമമെന്നും അദ്ദേഹം പറഞ്ഞു അവരോട് നന്ദി അറിയിക്കുന്നു. ഒറ്റയാൾ പോരാട്ടം മാറ്റിനിർത്തി പിണറായിയുടെ ദുർഭരണത്തിനെതിരെ യുഡിഎഫുമായി കൈകോർത്തുകൊണ്ട് ഒറ്റക്കെട്ടായി പിന്തുയ്ക്കും. സിപിഎമ്മുകാർക്ക് ഇപ്പോൾ സമരം അരോചകമായി തോന്നും. അവർ ഭരണത്തിന്റെ ശീതളച്ഛായയിൽ സമരം തന്നെ മറുന്നുപോകുകയാണെന്നും അൻവർ പറഞ്ഞു.

ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ പിവി അൻവർ എംഎൽഎയ്ക്ക് ഇന്ന് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു. അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തിരുന്നു.50,000 രൂപയുടെ ആൾജാമ്യത്തിലും പൊതുമുതൽ നശിപ്പിച്ച വകയിൽ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.

പിവി അൻവറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ ജാമ്യം ലഭിച്ചത് സർക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡിഎംകെ നേതാക്കൾ പ്രതികരിച്ചു. ഞായറാഴ്ച രാത്രിയാണ് അൻവറിനെ പൊലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങൾക്കൊടുവിലാണ് വൻ പൊലീസ് സംഘം എംഎൽഎയുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചെന്നാണ് കേസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x