ഗ്രാറ്റുവിറ്റിയിൽ സർക്കാരിന്റെ ഇരട്ടത്താപ്പ്: സ്വകാര്യ സ്ഥാപനങ്ങളിൽ നിർബന്ധം; പങ്കാളിത്ത പെൻഷൻകാർക്ക് ബാധകമല്ല

Kerala Secretariat - Death cum Retirement Gratuity - DCRG

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് ഡിസിആർജി (Death cum Retirement Gratuity – DCRG) അനുവദിക്കില്ല എന്ന 2016 ലെ നിലപാടിൽ മാറ്റമില്ലാതെ സർക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആയി വിരമിക്കുന്ന ജീവനക്കാർക്ക് ഡിസിആർജി അനുവദിക്കേണ്ടതില്ല എന്ന് വിവിധ തലങ്ങളിൽ പരിശോധിച്ചു സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നാണ് 2016 ൽ വിഡി സതീശൻ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് മറുപടി നൽകിയത്.

അതേസമയം, പത്തോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് 1972ലെ പെയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഗ്രാറ്റ്‌വിറ്റി നൽകിയില്ലെങ്കിൽ തൊഴിലുടമയ്‌ക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് സർക്കാർ നിലപാട്.

കേന്ദ്ര സർക്കാരും മറ്റ് എല്ലാ സംസ്ഥാന സർക്കാരുകളും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടു വിരമിക്കുന്ന ജീവനക്കാർക്ക് ഡിസിആർജിയും കുടുംബ പെൻഷനും അനുവദിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ സർക്കാർ വിഹിതം 14% ആക്കി ഉയർത്തി കേന്ദ്ര സർക്കാരും എല്ലാ സംസ്ഥാന സർക്കാരുകളും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഈ അനുകൂല്യങ്ങൾ ഒന്നും അനുവദിക്കേണ്ട എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഡി.സി.ആർ.ജി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന റിവ്യൂ കമ്മിറ്റി ശുപാർശ പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. നാല് വർഷത്തിനിപ്പുറവും ഇതുസംബന്ധിച്ച ഫയലിന്മേൽ സർക്കാർ തീരുമാനമെടുക്കാൻ തയാറായിട്ടില്ല. പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാർ ജീവനക്കാർക്കും മറ്റ് ഇതര സംസ്ഥാന സർക്കാർ ജീവനക്കാർക്കുംഗ്രാറ്റുവിറ്റി നൽകുമ്പോഴാണ് തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന കേരളത്തിൽ ഈ അവഗണന.

കെ.എസ്.ആർ പാർട്ട് മൂന്നിലാണ് സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകുന്നത് പറയുന്നത്. എന്നാൽ 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ഇത് ബാധകമല്ലെന്ന് വിജ്ഞാപനം ഉള്ളതിനാലാണ് ഡി.സി.ആർ.ജി നൽകാൻ സാധിക്കാത്തതെന്ന ന്യായമാണ് സർക്കാർ പറയുന്നത്. പ്രത്യേക ഉത്തരവുകൾ ഇറങ്ങാത്തതിനാലാണ് നൽകാത്തതെന്ന് ധനകാര്യ വകുപ്പും പറയുന്നു.

അതേസമയം 2013ന് ശേഷം സർവിസിൽ പ്രവേശിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഡി.സി.ആർ.ജി നൽകുന്നുണ്ട്. ഇവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യയിൽ എല്ലാ വിഭാഗം ജീവനക്കാർക്കും ഡി.സി.ആർ.ജി അനുവദിക്കുമ്പോഴാണ് കേരളത്തിലെ പങ്കാളിത്ത പെൻഷൻകാരെ മാത്രം പുറത്തു നിർത്തുന്നത്. ഇതിനെതിരേ സമരത്തിന് ഒരുങ്ങുകയാണ് പങ്കാളിത്ത പെൻഷൻ ജീവനക്കാർ.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments