സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടി. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്‌കൂളുകളെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ നിന്നും വിലക്കിയതിലൂടെ ദേശീയസ്‌കൂൾ കായികമേളയിലും സ്കൂളുകൾക്ക് അവസരം നഷ്ടമാകും.
സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദ്ദേശം നൽകി.
എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരിലാണ് തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കാനുള്ള വിചിത്ര തീരുമാനം സർക്കാർ എടുത്തത്.
പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകർ ആയിരുന്നു.
പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.