നിയമസഭ സമ്മേളനം ജനുവരി 17 ന്; മുഖ്യമന്ത്രിയുടെയും എംഎൽഎ മാരുടെയും ശമ്പളം വർദ്ധിപ്പിക്കും; ശമ്പള വർധനവ് 50 മുതൽ 100 ശതമാനം വരെ

The salaries of the Chief Minister and MLAs will be increased.

നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിനുള്ള കലണ്ടർ ഇറങ്ങി. ജനുവരി 17 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്.

ജനുവരി 23 ന് താൽക്കാലികമായി നിർത്തി വയ്ക്കുന്ന സഭ സമ്മേളനം ഫെബ്രുവരി 7 ന് പുനരാരംഭിക്കും. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം അന്നേ ദിവസം കെ.എൻ.ബാലഗോപാല്‍ അവതരിപ്പിക്കും. ഫെബ്രുവരി 13 വരെ സമ്മേളനം ഉണ്ടാകും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ സമ്മേളിക്കില്ല.

മാർച്ച് 7 മുതൽ 12 വരെ സഭ സമ്മേളനം ഉണ്ടാകും. മാർച്ച് 13 മുതൽ 16 വരെ സഭ സമ്മേളിക്കില്ല. തുടർന്ന് മാർച്ച് 17 മുതൽ മാർച്ച് 28 വരെ സഭ സമ്മേളിക്കും. ഒരു സഭാ സമ്മേളനത്തിനിടക്ക് ഇത്രയും ഇടവേള വരുന്നത് അപൂർവ്വമാണ്. സിപിഎമ്മിൻ്റെ ജില്ലാ – സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നതു കൊണ്ടാണ് ഇത്രയും ഇടവേളകൾ ഉണ്ടായത്.

മുഖ്യമന്ത്രിയുടെയും എം എൽ എമാരുടെയും ശമ്പളം ഈ സഭ സമ്മേളനത്തിൽ വർദ്ധിപ്പിക്കും. 50 മുതൽ 100 ഇരട്ടി വരെ ശമ്പളത്തിൽ വർധന ഉണ്ടാകും. കഴിഞ്ഞ സഭ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും ശമ്പളം വർദ്ധിപ്പിക്കാനുള്ള ബിൽ പരിഗണനക്ക് വന്നിരുന്നു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ശമ്പളം ഉയർത്തുന്നത് വിമർശനത്തിന് കാരണമാകും എന്ന് കണ്ടാണ് അന്ന് പാസാക്കാതിരുന്നത്.

2018ലാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും അവസാനമായി ശമ്പളം വർദ്ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയാക്കി. എംഎൽഎമാരുടെ ശമ്പളവും അലവൻസും 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി. ഇപ്പോൾ ശമ്പളത്തിൽ 50 ശതമാനം മുതൽ 100 ശതമാനം വരെയുള്ള വർദ്ധനക്കുള്ള കരടാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം.

മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്. കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കു പെൻഷൻ ലഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments