Kerala Government News

ധനമന്ത്രിക്കെതിരെ ഭാര്യ സമരത്തിന് ഇറങ്ങുന്ന അവസ്ഥയാണ് കേരളത്തിൽ: ജെ. മെഴ്സിക്കുട്ടി അമ്മ

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അദ്ദേഹത്തിന്റെ ഭാര്യതന്നെ സമരത്തിന് ഇറങ്ങുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ ജെ. മെഴ്സിക്കുട്ടി അമ്മ.

ക്ഷാമബത്ത അടക്കമുള്ള സാമ്പത്തികാനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യയടക്കം പങ്കെടുത്ത സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മെഴ്സിക്കുട്ടി അമ്മ. എ.കെ.പി.സി.ടി.എയുടെ ആഭിമുഖ്യത്തിലായിരുന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം. മന്ത്രിയുടെ ഭാര്യ ആശാ പ്രഭാകർ എ.കെ.പി.സി.ടി.എയുടെ വൈസ് പ്രസിഡന്റുകൂടിയാണ്. മുൻപും സാമ്പത്തികാനുകൂല്യങ്ങൾക്കുവേണ്ടി സംഘടന നടത്തിയ സമരത്തിൽ ആശയും പങ്കെടുത്തിരുന്നു.

AKPCTA march

തൊഴിലെടുക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശ സംരക്ഷണത്തിനായി അതത് മേഖലകളിലെ സമരങ്ങൾ കൂടുതൽ ഐക്യപ്പെട്ട സമരങ്ങളായി വളരണം. ദേശീയ വിദ്യാഭ്യാസനയത്തിൻ്റെ ചുവട് പിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫെഡറലിസവും ജനാധിപത്യപരതയും സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുന:സ്ഥാപിക്കുക, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കുക, 1.1.2016 മുതൽ 31.3.2019 വരെയുള്ള ഏഴാം യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉടൻ അനുവദിക്കുക, ക്ഷാമബത്ത 34% ൽ നിന്ന് 53% ആയി വർധിപ്പിക്കുക, ക്ഷാമബത്തയുടെ കുടിശ്ശിക തുക ഉടൻ സംസ്ഥാന സർക്കാർ അനുവദിക്കുക, എം ഫിൽ – പി എച്ച് ഡി അഡ്വാൻസ് ഇൻക്രിമെൻ്റ് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി തിരുത്തുക, 1.1.2016 നും 2.11.2017 നും ഇടയിൽ പഴയ നിരക്കിൽ അഡ്വാൻസ് ഇൻക്രിമെൻ്റ് കൈപ്പറ്റിയവരുടെ ഏഴാം ശമ്പള ഫിക്സേഷൻ കാര്യത്തിൽ അടിയന്തിരമായി വ്യക്തത വരുത്തുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.

സാമ്പത്തികമാന്ദ്യം അനുഭവിക്കുമ്പോഴും സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാമെന്നാണ് സർക്കാർ ചിന്തിക്കുന്നതെന്ന് മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. എന്നാൽ ഇതിനെ എങ്ങനെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ പുതിയ ഗവർണറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രസിഡന്റ് എ.നിശാന്ത് അധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗം ഡോ. ടി.ആർ.മനോജ്, ജനറൽ സെക്രട്ടറി കെ.ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത് അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗവും എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ പി സുരേഷ്, എഫ് യു ടി എ ജനറൽ സെക്രട്ടറി ഡോ. നസീബ് എസ്, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ പ്രിൻസ് പി ആർ, കെ എൻ ടി ഇ ഒ സംസ്ഥാന സെക്രട്ടറി ഓസ്ബോൺ വൈ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി അജയ് ഡി എൻ, വിരമിച്ച അധ്യാപകരുടെ കൂട്ടായ്മ സാന്ത്വത്തിൻ്റെ സംസ്ഥാന ട്രഷർ പ്രൊഫ. ആർ. മോഹനകൃഷ്ണൻ, എ കെ പി സി ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ മനോജ് ടി ആർ, സംസ്ഥാന സെക്രട്ടറി ഡോ സോജു എസ് എന്നിവർ സംസാരിച്ചു. എ കെ പി സി ടി എ ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ സ്വാഗതവും, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ സുമേഷ് ജി എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *