50000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകൾക്ക് കൊടുക്കാനുള്ള അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിക്കാൻ തോമസ് ഐസക്കിനെ പോലുള്ള സാമ്പത്തിക വിദഗ്ധർക്ക് മാത്രമേ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
2018 ഏപ്രിലിൽ കെ.എഫ് സി 60.80 കോടി അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുമ്പോൾ 50000 കോടിയോളം രൂപ വിവിധ ബാങ്കുകൾക്ക് അനിൽ അംബാനി കൊടുക്കാനുണ്ടായിരുന്നു. അനിൽ അംബാനിയുടെ കമ്പനികൾ പൊളിയുന്ന കാലത്താണ് ഐസക്കിൻ്റെ കെ.എഫ്. സി നിക്ഷേപം നടത്തിയത്.
കെ .എഫ് സി അഴിമതിയിൽ ന്യായികരിക്കാൻ ഇറങ്ങിയ മുൻ ധനമന്ത്രി തോമസ് ഐസക്കിന കെ.എൻ. ബാലഗോപാലിനും മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.അംബാനി കമ്പനിയിലെ കെ.എഫ്.സി നിക്ഷേപം നിയമവിരുദ്ധമാണെന്നും ബോര്‍ഡ് യോഗം പോലും ചേരാതെ പൊളിയാന്‍ പോകുന്ന കമ്പനിയില്‍ ഇത്രയും കോടി രൂപ നിക്ഷേപിച്ചത് എന്തിനു വേണ്ടിയാണെന്നും സതീശൻ ചോദിച്ചു.
ഡബിള്‍ എ പ്ലസ് റേറ്റിംഗ് ഉണ്ടെന്നു പറയുന്ന തോമസ് ഐസക്കിനെ പോലൊരു സാമ്പത്തിക വിദഗ്ധന്‍ കെയര്‍ റേറ്റിംഗ് കമ്പനി നല്‍കിയ റിപ്പോര്‍ട്ട് കണ്ടില്ലേ എന്നാണ് സതീശൻ്റെ മില്യൺ ചോദ്യം. കേരളത്തിന് നൂറ് കോടിയുടെ നഷ്ടം ഉണ്ടാക്കിയവരെക്കൊണ്ട് നിയമപരമായും രാഷ്ട്രീയമായും മറുപടി പറയിക്കുമെന്നും സതീശൻ പറഞ്ഞു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ളവര്‍ രാഷ്ട്രീയ പിന്‍ബലത്തോടെ കമ്മീഷന്‍ വാങ്ങി സംസ്ഥാനത്തിന് 101 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന വിഡി സതീശൻ്റെ ആരോപണത്തിന് നിയമപരമായാണ് ഈ നിക്ഷേപം നടത്തിയതെന്നാണ് ഐസക്കിൻ്റെ വാദം.
കെ.എഫ്.സിയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യത്തിന് ആറു മാസമായി നിയമസഭയില്‍ മറുപടി നല്‍കാത്ത കെ – എൻ. ബാലഗോപാൽ അഴിമതി ആരോപണത്തിന് മറുപടി വിചിത്രം ആയിരുന്നു. ബിസിനസ് ആകുമ്പോൾ ലാഭവും നഷ്ടവും ഉണ്ടാകുമെന്നാണ് ബാലഗോപാലിൻ്റെ മറുപടി.
മന്ത്രിമാരുടെ ന്യായികരണങ്ങൾ പൊളിച്ചായിരുന്നു സതീശൻ്റെ ഇന്നത്തെ പത്രസമ്മേളനം. പ്രതിപക്ഷ നേതാവിൻ്റെ മന്ത്രിമാർക്കുള്ള മറുപടി വായിക്കാം;
“നിയമപരമായാണ് നിക്ഷേപിച്ചതെന്നാണ് രണ്ടു ധനകാര്യമന്ത്രിമാരും പറഞ്ഞത്. എന്നാല്‍ ആര്‍.സി.എഫ്.എല്ലിലെ നിക്ഷേപം നിയമ വിരുദ്ധമായിരുന്നുവെന്ന് വ്യക്തമാക്കിയ സതീശൻ സ്റ്റേറ്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ആക്ടിന്റെ 33, 34 സെക്ഷനുകള്‍ ലംഘിച്ചു കൊണ്ടാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. സെക്ഷന്‍ 33 പ്രകാരം കെ.എഫ്.സി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ നാഷണലൈസ്ഡ് ബാങ്കിലോ ഷെഡ്യൂള്‍ഡ് ബാങ്കിലോ മാത്രമെ നിക്ഷേപം നടത്താവൂ. ഡിവഞ്ചറുകളോ ഷെയറുകളോ ഇന്‍വെസ്റ്റ് ചെയ്യണമെങ്കില്‍ കെ.എഫ്.സി ബോര്‍ഡ് തീരുമാനിക്കണമെന്നുമുണ്ട്. എന്നാല്‍ ബോര്‍ഡ് യോഗം പോലും ചേരാതെ തിരക്കുപിടിച്ച് ഇത്രയും കോടി രൂപ നിക്ഷേപിച്ചത് എന്തിനു വേണ്ടി?
അംബാനിയുടെ കമ്പനിയായ ആര്‍.സി.എഫ്.എല്ലിന്റെ റേറ്റിംഗ് AA+ ആണെന്നാണ് രണ്ടു മന്ത്രിമാരും പറഞ്ഞത്. ആര്‍.സി.എഫ്.എല്ലിന് AA+ റേറ്റിംഗ് നല്‍കിയ കെയര്‍ എന്ന ഏജന്‍സി ആ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത് ഈ സാമ്പത്തിക വിദഗ്ധന്‍ കണ്ടില്ലേ? ക്രെഡിറ്റ് റേറ്റിംഗ് Credit watch with developing implications’ എന്നാണ് എഴുതിയിരിക്കുന്നത്. പേരന്റല്‍ കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിങ്ങും ‘Credit watch with developing implications’ എന്നാണ്. മറ്റൊരു സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ‘കെയര്‍ D’ റേറ്റിംഗ് ആയതുകൊണ്ടാണ് ഇത്തരത്തില്‍ ഫ്ളാഗ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. റേറ്റിങില്‍ മാറ്റം വരാമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമാണ് ഇതിന്റെ അര്‍ത്ഥം. അനില്‍ അംബാനിയുടെ കമ്പനികള്‍ പൊളിയുന്ന കാലത്താണ് കെ.എഫ്.സി പണം നല്‍കിയത്.
CARE may place a rating on ‘Credit Watch’ when any event or deviation from the expected trend hasoccurred or is expected and additional information is necessary to take rating action.
Credit watch indicates that there is a probability of change in ratings assigned and also indicates the likely direction of change. Credit Watch is warranted when the impact of specific events on the credit profile cannot be accurately assessed at the point when they occur, and additional information may be necessary to fully evaluate their impact on ratedinstruments.
ഒരു നിക്ഷേപം നടത്തുമ്പോള്‍ മാതൃ കമ്പനിയുടെയും സഹോദര കമ്പനികളുടെയും സാമ്പത്തിക സ്ഥിതിയും മൂന്നു വര്‍ഷത്തെ ഓഡിറ്റിംഗ് റിപ്പോര്‍ട്ടും പരിശോധിക്കണം. എന്നാല്‍ മൂന്നു വര്‍ഷത്തെ ഓഡിറ്റിംഗ് ഈ കമ്പനിക്ക് ഇല്ല. ആര്‍.സി.എല്‍ എന്ന മാതൃ കമ്പനി പൊളിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അനില്‍ അബാനി 2016 ല്‍ ആര്‍.സി.എഫ്.എല്‍ എന്ന പുതിയൊരു കമ്പനി ഉണ്ടാക്കിയത്. ആ കമ്പനിയിലാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. മിസ്റ്റര്‍ തോമസ് ഐസക്, ഞാന്‍ വിനയാന്വിതനായി ചോദിക്കുന്നു അങ്ങയെ പോലൊരു സാമ്പത്തികവിദഗ്ധന്‍ കെയര്‍ എന്ന കമ്പനി നല്‍കിയ റേറ്റിംഗ് റിപ്പോര്‍ട്ട് കണ്ടില്ലേ?
കഴിഞ്ഞ മൂന്നു കൊല്ലമായി ഇന്ത്യയിലെ എല്ലാ എന്‍.ഡി.എഫ്‌സികളും തകര്‍ച്ച നേരിടുകയാണെന്നും 2018 ല്‍ ഈ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും അതൊന്നു പരിശോധിക്കാതെയാണ് 60 കോടി 80 ലക്ഷം നിക്ഷേപിച്ച് സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കിയത്. ബോര്‍ഡ് യോഗം പോലും ചേരാതെ മുങ്ങാന്‍ പോകുന്ന കമ്പനിയില്‍ 60 കോടി 80 ലക്ഷം നിക്ഷേപിച്ച് 101 കോടിയുടെ നഷ്ടം ഉണ്ടാക്കിയതിന് ഉത്തരവാദികള്‍ ആരൊക്കെയാണ്?
കാപട്യം കാട്ടിയതിന് ഈ രണ്ടു ധനമന്ത്രിമാര്‍ക്കുമാണ് ഡബിള്‍ എ പ്ലസ് നല്‍കേണ്ടത്. അനില്‍ അംബാനിയുടെ കയ്യില്‍ നിന്നും പണം വാങ്ങാന്‍ ബോംബെയില്‍ കേസ് നടക്കുന്നുണ്ടെന്നാണ് പറയുന്നത്. 2019 ല്‍ ഈ കമ്പനി ലിക്വിഡേറ്റ് ചെയ്തതിന്റെ ഭാഗമായാണ് 7 കോടി 9 ലക്ഷം രൂപ ലഭിച്ചത്. കമ്മീഷന്‍ വാങ്ങി 101 കോടിയാണ് നഷ്ടമാക്കിയത്.
അനില്‍ അംബാനിയുടെ കമ്പനികളൊക്കെ പൂട്ടാന്‍ പോകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാലത്ത് നിയമവിരുദ്ധമായാണ് നിക്ഷേപം നടത്തിയത്. ബോര്‍ഡ് അറിഞ്ഞില്ലെങ്കിലും കെ.എഫ്.സിയുടെ തലപ്പത്ത് ഇരിക്കുന്നവരുടെ അറിവോടെയാണ് ഇത്രയും പണം നിക്ഷേപിച്ചത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ ചില പാര്‍ട്ടി ബന്ധുക്കളാണ് ഇതെല്ലാം കെ.എഫ്.സിയില്‍ ചെയ്തത്. ഇനി ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെ പറയട്ടെ. അല്ലെങ്കില്‍ കേരളത്തിന് നൂറ് കോടിയുടെ നഷ്ടം ഉണ്ടാക്കിയവരെക്കൊണ്ട് നിയമപരമായും രാഷ്ട്രീയമായും മറുപടി പറയിക്കും.
അബദ്ധം പറ്റിയല്ല കെ.എഫ്.സി പണം നിക്ഷേപിച്ചത്. 50000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കമ്പനിയില്‍ പണം ഇടാന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് മാത്രമെ സാധിക്കൂ. ഇതിനൊക്കെ മുഖ്യമന്ത്രി കൂടി മറുപടി പറയണം. വിഷമം വരുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. മറുപടി പറഞ്ഞേ മതിയാകൂ “.