
മമ്മൂട്ടിയുടെ ബസൂക്ക ഫെബ്രുവരി 14 ന്
മമ്മൂട്ടി നായകനായ ബസൂക്കയുടെ റിലിസ് തീയതി പ്രഖ്യാപിച്ചു. ബസൂക്ക സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് അനുസരിച്ച് ബസൂക്ക സിനിമ ഫെബ്രുവരി 14നാണ് ഇറങ്ങുന്നത്. ദ ഗെയിം ഓണ്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയായ ബസൂക്ക വളരെ നാളായി റിലീസ് ഡേറ്റ് കാത്തിരിക്കുകയാണ്.
ബസൂക്കയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.
മമ്മൂട്ടിയുടെ പുതുവർഷ റിലിസ് ഡൊമിനിക്ക് ആൻഡ് ദ് ലേഡിസ് പഴ്സ് ആണ്. ജനുവരി 23 നാണ് ചിത്രം റിലിസ് ചെയ്യുന്നത്.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം കോമഡി ക്രൈം ത്രില്ലർ ആണെന്നാണ് സൂചന.
ഡോക്ടർ സുരജ് രാജൻ, ഡോക്ടർ നിരജ് രാജൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്.
കാതൽ ദ കോർ, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ടർബോ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലിസ് ചെയ്ത ചിത്രങ്ങൾ.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്
ജിതിൻ കെ ജോസ് ആണ്. ദുൽഖർ നായകനായ കുറുപ്പിന്റെ സഹരചയിതാവാണ് ജിതിൻ. ചിത്രത്തിൽ മമ്മൂട്ടി വില്ലനായാണ് വേഷമിടുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു