നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളിൽ മന്ത്രിമാരും എംഎൽഎമാരും മാറ്റുരയ്ക്കും. ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായാണ് മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോകൾക്കും ഗാനസന്ധ്യകൾക്കും നൃത്താവിഷ്‌കാരങ്ങൾക്കുമൊപ്പം മന്ത്രിമാരും എം.എൽ.എ മാരും അണിനിരക്കുന്ന ലജിസ്ലേച്ചർ സ്റ്റാർ സിംഗർ ഒരുങ്ങുന്നത്. സമാപന ദിനത്തിലാണ് പരിപാടി.
ഉദ്ഘാടന ദിനത്തിലെ മെഗാ ഷോ ‘ഈണ’ത്തിൽ റിമി ടോമി, രാജലക്ഷ്മി, ശ്രീനാഥ്, ശ്യാമപ്രസാദ്, കൗശിക്, വിനിത എന്നിവർ പങ്കെടുക്കും. പ്രശസ്ത സിനിമാതാരങ്ങളായ പ്രിയങ്കയും അങ്കിതയും സരീനാസ് സംഘവും നൃത്താവിഷ്‌കാരങ്ങളുമായി മേളയ്ക്ക് ചാരുതയേകും. രണ്ടാം ദിവസം തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും ഉൾപ്പെടെയുള്ളവർ പരിപാടി അവതരിപ്പിക്കും.
മൂന്നാം ദിവസത്തെ പ്രണയ ജീവകം മെഗാഷോയിൽ ഡോ.ബിനീത രഞ്ജിത്, ഷാ ആന്റ് ഷാൻ, ശ്രീലക്ഷ്മി ശങ്കർദേവ്, അസ്മിൻ, ഷിനുസത്യ എന്നിവർ വേദിയിലെത്തും. കൃഷ്ണപ്രഭയുടേയും കോക് ബാൻഡിന്റേയും മ്യൂസിക് ഇന്ത്യ സീസൺ 2 നാലാം ദിവസവും നജിം അർഷാദ്, മഹേഷ് കുഞ്ഞുമോൻ, ലിബിൻ, ശിഖ, ചിത്ര അരുൺ, വേദമിത്ര, അസ്ലം, മിഥുൻ രമേശ് എന്നിവർ ഭാഗമാകുന്ന ഹാർമോണിയസ് കേരള അഞ്ചാം ദിവസവും അരങ്ങിലെത്തും.
സ്റ്റീഫൻ ദേവസി ബാൻഡും ജി.വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, പുഷ്പവതി, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ ആറാം ദിനത്തിൽ സംഗീത സന്ധ്യ അവതരിപ്പിക്കും. ലജിസ്ലേച്ചർ സ്റ്റാർ സിംഗറും വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, രമ്യാ നമ്പീശൻ, മിഥുൻ, ഏഷ്യാനെറ്റ് സ്റ്റാർസിംഗർ സീസൺ 9 ഗായകരായ അരവിന്ദ്, നന്ദ, ദിഷ, ശ്രീരാഗ്, ബൽറാം, അനുശ്രീ, ബവിൻ, ഗോകുൽ എന്നിവരും സീരിയൽ താരങ്ങളായ ശ്രീകാന്ത്, ക്രിസ്സ് വേണുഗോപാൽ, പത്മ, യുവ, നിയാസ് ഖാൻ,ദേവി ചന്ദന, സെന്തിൽ എന്നിവരും ഗിരീഷ്, ബിപിൻ, ദീപൻ, സായ് കൃഷ്ണ, ഐശ്വര്യ, മൃദുല, ലക്ഷ്മി, അഞ്ജലി ഉൾപ്പെടുന്ന നൃത്ത സംഘവും സമാപന ദിനത്തിൽ ഉത്സവ ലഹരി പകരും.
കൈരളി, റിപ്പോർട്ടർ ടി.വി, ജീവൻ ടി.വി, ജനം ടി.വി, മാധ്യമം, മലയാള മനോരമ, ഏഷ്യാനെറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളാണ് ഏഴുദിവസത്തെ മെഗാഷോകൾ സംഘടിപ്പിക്കുന്നത്