സത്യത്തിന്റെ പക്ഷത്ത് എക്കാലവും ശക്തമായി നിലയുറപ്പിച്ച മനുഷ്യത്വമുള്ള പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു.
പത്രാധിപർ എന്ന വാക്കില്‍ വായനക്കാരുടെ മനസിലേക്ക് ആദ്യം എത്തുന്നവരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശാന്തമായ രൂപവും എഴുത്തും ഉണ്ടായിരുന്നു. അത് ഇനിയും ഉണ്ടാകും. പത്രാധിപര്‍ എന്നതിനു പുറമെ നിരവധി പുസ്തകങ്ങളുടെ രചയിതാവും തിരക്കഥാകൃത്തും നിരൂപകനും സിനിമ നിര്‍മ്മാതാവുമൊക്കെ ആയിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍.
കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കൗമുദിയില്‍ ആയിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍ പത്രപ്രവവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കലാകൗമുദി വാരികയുടെ പത്രാധിപരായി. ഒരു തലമുറയ്ക്കാകെ വായനാ വസന്തം നല്‍കിയ കാലമായിരുന്നു അത്. സാഹിത്യത്തെ തലനാരിഴ കീറി പരിശോധിക്കുന്ന എം. കൃഷ്ണന്‍നായരുടെ ‘സാഹിത്യ വാരഫലം’ എന്ന പക്തി മൂന്നര പതിറ്റാണ്ടോളം വായനക്കാരിലേക്ക് എത്തിയതും എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപരിലൂടെയായിരുന്നു.
എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ കലാകൗമുദിയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചതും എസ്. ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തിലാണ്. രണ്ടാമൂഴത്തിലെ എം.ടിയുടെ ഭീമനും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരയും തമ്മില്‍ അത്രമേല്‍ ബന്ധമുണ്ടെന്ന് വായനക്കാര്‍ തിരിച്ചറിഞ്ഞതും ഈ പത്രാധിപരിലൂടെയായിരുന്നു.
നിരവധി സാഹിത്യ പ്രതിഭകളെയും പത്രപ്രവര്‍ത്തകരെയുമാണ് എസ്. ജയചന്ദ്രന്‍ നായര്‍ തേച്ചു മിനുക്കി മുന്‍ നിരയിലേക്ക് എത്തിച്ചത്.
നയവും നിലപാടും ഉറക്കെ വിളിച്ചു പറയുന്നതായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപരുടെ മുഖപ്രസംഗങ്ങള്‍. സമകാലിക മലയാളം വാരികയില്‍ അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതത് കാലങ്ങളിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടിരുന്നത് എന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ഓരോ മുഖപ്രസംഗങ്ങളും. ആഴ്ചപ്പതിപ്പിന്റെ ഔദ്യോഗിക സമീപനത്തിലും നയങ്ങളിലും നിന്നു മാറി നടക്കുകയും, കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ തടവറയിലിടാതെ സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണവായുവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൊണ്ടുതന്നെ ഈ കുറിപ്പുകളെ മുഖപ്രസംഗങ്ങള്‍ എന്ന് താന്‍ വിശേഷിപ്പിക്കുന്നില്ലെന്ന് ആമുഖത്തില്‍ ജയചന്ദ്രന്‍ നായര്‍ പറയുന്നത്. അതു സത്യവുമാണ്, ഇഷ്ടാനിഷ്ടങ്ങളുടെ തടവറയിലിടാതെ സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണവായുവാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയെന്ന് ഓരോ മുഖപ്രസംഗങ്ങളും വായിക്കുമ്പോള്‍ ബോധ്യമാകും.
51 വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരന്‍ എന്ന പച്ചമനുഷ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് കേരളത്തിന്റെ രാഷ്ട്രീയത്തിലുണ്ടാക്കിയ നൈതികതാ നഷ്ടത്തിന്റെ ആശങ്കകളാണ് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മുഖപ്രസംഗം. നൈതികത നഷ്ടമായാല്‍ ജീവിത വിശുദ്ധി കൈമോശം വരുമെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്.
ടി.പിയുടെ കൊലപാതകത്തെ ന്യായീകരിച്ചതിന് പ്രഭാവര്‍മ്മയുടെ ‘ശ്യാമ മാധവം’ എന്ന കാവ്യാഖ്യായികയുടെ പ്രസിദ്ധീകരണം നിര്‍ത്തിച്ച ധീരനായ പത്രാധിപരായിരുന്നു എസ്. ജയചന്ദ്രന്‍ നായര്‍.
എസ്. ജയചന്ദ്രന്‍ നായര്‍ സാറുമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്ന വിയോഗം. എം.ടി വാസുദേവന്‍ നായര്‍ക്കു പിന്നാലെ മലയാളത്തിന്റെ മറ്റൊരു നഷ്ടമാണ് എസ്. ജയചന്ദ്രന്‍ നായരുടെ വിയോഗമെന്നും സതീശൻ അനുസ്മരിച്ചു.