അനിൽ അംബാനിയുടെ മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയിൽ സംസ്ഥാന സർക്കാരിന്റെ കെ.എഫ്.സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നിൽ കമ്മീഷൻ ലക്ഷ്യമിട്ടുള്ള അഴിമതി. ഇതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത് 101 കോടി രൂപ; ഭരണത്തിന്റെ മറവിൽ നടന്ന ഗുരുതര അഴിമതി സംബന്ധിച്ച രേഖകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അനിൽ അംബാനിയുടെ ആർസിഎഫ്എല്ലിൽ (Reliance commercial Finance Ltd) കേരള ഫിനാൻഷ്യൽ കോർപറേഷൻ (Kerala Financial Corporation – KFC) കോടികൾ നക്ഷേപിച്ച് 100 കോടിയുടെ നഷ്ടം വരുത്തിവെച്ചതിൽ നിയമസഭയിൽ മറുപടി പറയാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഇതേക്കുറിച്ച് യുഡിഎഫ് എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ. ബാബു, കെ.കെ. രമ, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് കെ.എൻ. ബാലഗോപാൽ മറുപടി നൽകാത്തത്.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ? ഈ സ്ഥാപനം അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? ഇതിലൂടെ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ? എത്ര തുക തിരികെ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.. എന്നാൽ ഇതിന് മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2024 ജൂലൈ ഒന്നിനാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ ആറുമാസമായിട്ടും മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണ് സർക്കാർ.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) അനിൽ അംബാനിയുടെ മുങ്ങാൻ പോകുന്ന കമ്പനിയിൽ പണം നിക്ഷേപിച്ച് കോടികൾ നഷ്ടപ്പെടുത്തിയ അഴിമതിയുടെ കഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തുവിട്ടത്.
The State Financial Corporations Act, 1951 അനുസരിച്ച് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനു വേണ്ടിയാണ് കെ.എഫ്.സി രൂപീകരിച്ചത്. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്പ നൽകാൻ രൂപീകരിച്ച സ്ഥാപനം 26/04/2018 ൽ അനിൽ അംബാനിയുടെ RCFL (Reliance commercial Finance Ltd) എന്ന സ്ഥാപനത്തിലാണ് 60.80 കോടി രൂപ നിക്ഷേപിച്ചു. 19/04/2018 ൽ നടന്ന കെ.എഫ്.സിയുടെ ALCO (Asset Liability Management Committee) തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചത്. അനിൽ അംബാനിയുടെ കമ്പനികളൊക്കെ തകർന്നു കൊണ്ടിരിക്കുന്ന കാലത്താണ് ഇതെന്ന് ഓർക്കണം. 2015 മുതൽ 18 വരെ അനിൽ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു. രാജ്യത്തെ എല്ലാ ധനകാര്യ പ്രസിദ്ധീകരണങ്ങളിലും ഇതു സംബന്ധിച്ച വാർത്ത വന്നുകൊണ്ടിരിക്കെയാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്.
നിക്ഷേപത്തിനു പിന്നാലെ 2018-19 ലെ കെ.എഫ്.സി വാർഷിക റിപ്പോർട്ടിൽ ഈ കമ്പനിയുടെ പേര് മറച്ചുവച്ചു. 2019-20 ലെ വാർഷിക റിപ്പോർട്ടിലും കമ്പനിയുടെ പേര് മറച്ചുവച്ചു. 2020-21 ലെ റിപ്പോർട്ടിലാണ് RCFL (Reliance commercial Finance Ltd) എന്ന പേര് വരുന്നത്. പക്ഷെ 2019 ൽ RCFL ലിക്വിഡേറ്റ് ചെയ്തു. ലിക്വിഡേഷന്റെ ഭാഗമായി 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നും 2020-21 ലെ വാർഷിക റിപ്പോർട്ടിലുണ്ട്. 60.80 കോടി നിക്ഷേപത്തിന് പലിശ ഉൾപ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ലഭിക്കേണ്ട പണം മുങ്ങാൻ പോകുന്ന കമ്പനിയിൽ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നത്. വൻ തുക കമ്മീഷനായി വാങ്ങിയാണ് ഭരണ നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലിക്വിഡേറ്റ് ആകാൻ പോകുന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയത്. കമ്പനി തകർന്ന് നിൽമ്പോൾ നടത്തിയ നിക്ഷേപം അറിയാതെ പറ്റിയ അബദ്ധമല്ല. 2023-24 ലെ വാർഷിക റിപ്പോർട്ടിലും ഈ നിക്ഷേപത്തെ കുറിച്ച് അവ്യക്തമായാണ് പറയുന്നത്. ലിക്വിഡേറ്റ് ചെയ്ത കമ്പനിയിൽ നിക്ഷേപിച്ച പണത്തിൽ അവകാശവാദമുണ്ടെന്നാണ് ഇപ്പോഴും പറയുന്നത്.
ഗ്യാരന്റി വാങ്ങി ഉയർന്ന പലിശ നിരക്കിൽ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ നൽകുകയും അടച്ചില്ലെങ്കിൽ സ്ഥാപനം ജപ്തി ചെയ്യുകയും ചെയ്യുന്ന കെ.എഫ്.സിയാണ് ഒരു ഗ്യാരന്റിയും ഇല്ലാതെ RCFL ൽ പണം നിക്ഷേപിച്ചത്. ഇതു സംബന്ധിച്ച് പതിനൊന്നാം നിയമസഭ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് പോലും ധനവകുപ്പ് മറുപടി നൽകിയിട്ടില്ല. Reliance Commerical Finance Ltd ൽ നടത്തിയ നിക്ഷേപത്തിന്റെ കരാർ രേഖകൾ പുറത്തുവിടാൻ സർക്കാർ തയാറാകണം. ഭരണത്തിന്റെ മറവിൽ ഗുരുതരമായ അഴിമതിയാണ് നടന്നത്. നൂറ് കോടിയിൽ അധികം നഷ്ടമുണ്ടാക്കിയ അഴിമതി അന്വേഷിക്കാൻ അടയന്തിരമായി സർക്കാർ തീരുമാനിക്കണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണ നേതൃത്വത്തിലുള്ളവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ചെറുകിട ഇടത്തരം വ്യാവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കെ.എഫ്.സി നിയമ വിരുദ്ധമായാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയത്. നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് മറച്ചുവച്ചതും അഴിമതി വ്യക്തമാക്കുന്നതാണ്. മൂന്നാം വർഷത്തെ വാർഷിക റിപ്പോർട്ടിൽ മാത്രമാണ് ഏത് കമ്പനിയിലാണ് നിക്ഷേപം നടത്തിയതെന്ന് കെ.എഫ്.സി വ്യക്തമാക്കിയത്.
പണം നഷ്ടപ്പെട്ടിട്ടും സർക്കാരും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിമാരും അറിഞ്ഞില്ലേ? ലിക്വിഡേറ്റ് ചെയ്യപ്പെടാൻ പോകുന്ന കമ്പനിയാണെന്ന് അറിഞ്ഞു കൊണ്ട് നിക്ഷേപം നടത്തി എന്നതാണ് പ്രധാന ആരോപണം. കമ്മീഷൻ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തിയത്. കെ.എഫ്.സി ഡയറക്ടർ ബോർഡ് പോലും അറിയാതെയാണ് ഇത്രയും പണം നിക്ഷേപിച്ചത്. ഇതെല്ലാം അന്വേഷിക്കണം. സർക്കാർ മറുപടി നൽകിയ ശേഷം ഏതു തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.