കടുത്ത രാഷ്ട്രിയ പോരാട്ടം നടന്ന വർഷം കൂടിയാണ് 2024. ത്രസിപ്പിക്കുന്ന തുടർ വിജയം നേടി 2021 ൽ വീണ്ടും അധികാരത്തിൽ വന്ന പിണറായിയുടെ പകിട്ട് കുറഞ്ഞ വർഷം കൂടിയാണ് 2024. ഒപ്പം വി.ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിൻ്റെ വിജയ വർഷം കൂടിയാണ് 2024.
രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽവി നേരിട്ടതോടെയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് കസേരയിലേക്ക് ഹൈക്കമാൻ്റ് കൊണ്ട് വരുന്നത്. വിജയം കൊണ്ട് വന്നിരിക്കും എന്നായിരുന്നു സതീശൻ അന്ന് കൊടുത്ത വാക്ക്.
തൃക്കാക്കര , പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് വിജയം നേടി യു.ഡി.എഫിനെ വിജയത്തിൻ്റെ വഴിയിലേക്ക് നയിച്ച സതീശൻ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. ടീം സ്പിരിറ്റ് ആയിരുന്നു വിജയത്തിന് പിന്നിൽ. കൃത്യമായി എല്ലാവരെയും യോജിച്ച് കൊണ്ട് പോയി ഒരു വിന്നിംഗ് കോമ്പിനേഷൻ ഉണ്ടാക്കാൻ കഴിഞ്ഞതാണ് സതീശൻ്റെ മിടുക്ക്.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മകളുടെ മാസപ്പടിയും മരുമകൻ്റെ അപ്രമാദിത്യവും കൂടിയായതോടെ പിണറായിൽ നിന്ന് ജനങ്ങൾ അകന്നു. നവകേരള സദസ് നടത്തി തിരിച്ച് വരവിന് പിണറായി ശ്രമിച്ചെങ്കിലും അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി.
നിയമസഭ, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തേക്കാൾ ഉപരി ലോകസഭ , നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ആണ് ഒരു രാഷ്ട്രിയ പാർട്ടിയുടെ കരുത്ത് ശരിയായി മനസിലാക്കാനുള്ള അളവ് കോൽ. അതുകൊണ്ട് തന്നെ സർവ്വ സന്നാഹങ്ങളുമായി കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി ലോകസഭ തെരഞ്ഞെടുപ്പിൽ പിണറായി അങ്കം കുറിച്ചു. 12 സീറ്റിൽ ജയിക്കും എന്നായിരുന്നു പ്രഖ്യാപനം. ഫലം വന്നപ്പോൾ 2019 ആവർത്തിച്ചു. കനൽ ഒരു തരിയായി അവശേഷിച്ചു. കെ. രാധാകൃഷ്ണൻ മാത്രം ജയിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം റെക്കോഡ് വോട്ടുകൾക്കായിരുന്നു. ഭരണ വിരുദ്ധ വികാരം അതിശക്തമായിരുന്നു. അതിൻ്റെ ചാമ്പ്യനാകാൻ സതീശൻ കൃത്യമായി ആസൂത്രണം നടത്തി.യു. ഡി.എഫിൽ നിന്ന് വിട്ട് നിന്ന എല്ലാ വിഭാഗങ്ങളേയും തിരിച്ചെത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രിയ നേട്ടമായി.
അതിൻ്റെ അടിത്തറയിലാണ് ശക്തമായ രാഷ്ട്രിയ പോരാട്ടം നടന്ന പാലക്കാട് നേരത്തെ ഉള്ളതിൻ്റെ അഞ്ചിരട്ടി ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞതും. ചേലക്കരയിൽ ഭൂരിപക്ഷം നാലിൽ ഒന്നായി കുറയ്ക്കാനും സാധിച്ചത്.
കേരള ഭരണം യു ഡി എഫിന് എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു. ഭരണത്തിൽ കാലം കഴിക്കുക എന്ന അവസ്ഥയിലാണ് പിണറായിയുടെ യാത്ര. തുടർഭരണത്തിൻ്റെ അഹന്തയാണ് എൽ.ഡി.എഫിനെ നശിപ്പിച്ചത്.
ചാർജുള്ള മഹാരാഷ്ട്രയിൽ തോറ്റതോടെ ചെന്നിത്തലയും കേരളത്തിൽ സജീവമായി. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ചെന്നിത്തല ആണ്. ഇതിനിടയിൽ വെള്ളാപ്പള്ളിയുടെ പുകഴ്ത്തലിനും ചെന്നിത്തല പാത്രമായി.
2025 ഒക്ടോബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഓരോ തെരഞ്ഞെടുപ്പിനും ഓരോ തന്ത്രങ്ങൾ ആണ് സ്വികരിക്കേണ്ടത്. ഇതൊന്നും ഇല്ലാതെ പോയതാണ് യു.ഡി.എഫിൻ്റെ മുൻകാല തോൽവിക്ക് കാരണം.
2021 ന് ശേഷം നടന്ന തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ അതിൽ എല്ലാത്തിലും അജണ്ട നിശ്ചയിച്ചത് സതീശൻ ആണെന്ന് കാണാം. സതീശൻ്റെ അജണ്ടയുടെ പുറകെ പോയി ആക്രമിക്കാനായിരുന്നു പിണറായിയുടെ വിധി. മുൻകാലങ്ങളിൽ അജണ്ട നിശ്ചയിക്കുന്നത് പിണറായി ആയിരുന്നു.
തദ്ദേശവും നിയമസഭയും ലോകസഭ അല്ല എന്ന് സതീശന് നന്നായറിയാം. വോട്ടിംഗ് പാറ്റേണും വ്യത്യസ്തമാണ്. അതിനുള്ള അജണ്ടകളും സതീശൻ്റെ ആവനാഴിയിൽ നിന്ന് കൃത്യമായി ഇറങ്ങും. അത് അണികൾക്ക് അറിയാം. അതിൻ്റെ ആത്മവിശ്വാസം അവരുടെ ബോഡി ലാംഗ്വേജിൽ പ്രതിഫലിക്കുന്നുമുണ്ട്.
2024 ലെ ലോകസഭ വിജയം യു.ഡി.എഫിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്ന് വ്യക്തം. 2024 ൽ ആർജിച്ചെടുത്ത രാഷ്ട്രിയ അടിത്തറ വിപുലപ്പെടുത്താനാവും യു.ഡി.എഫിൻ്റെ ശ്രമം. പിണറായി ഭരണത്തോട് അതൃപ്തി ഉള്ള എൽ.ഡി.എഫിലെ ചില കക്ഷികൾ യു.ഡി എഫിലേക്ക് സമീപ ഭാവിയിൽ ചേക്കേറിയാലും അൽഭുതപ്പെടേണ്ട.