സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് തോൽവി. ഇഞ്ചുറി ടൈമില്‍ റോബി ഹന്‍സ്ദ നേടിയ ഗോളിലൂടെ ബംഗാൾ സന്തോഷ് ട്രോഫി വിജയികൾ ആയി. 33-ാം മത് തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി വിജയികൾ ആകുന്നത്.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്ത് പോയി.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിന്റെ ഇൻജറി ടൈമിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോളിന്റെ പിറവി. ഇത്തവണ ഫൈനലിലേക്കുള്ള ബംഗാളിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച 9–ാം നമ്പർ താരം റോബി ഹൻസ്ദയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ഇതോടെ 12 ഗോളുകളുമായി റോബി ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി.
സന്തോഷ് ട്രോഫി ചരിത്രത്തിൽ 47–ാം ഫൈനൽ കളിച്ച ബംഗാളിന്റെ 33–ാം കിരീടനേട്ടമാണിത്. 16–ാം ഫൈനൽ കളിച്ച കേരളത്തിന്റെ 9–ാം തോൽവിയും. മാത്രമല്ല, അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ തോൽവിയുടെ ഹൃദയഭാരവും പേറിനിന്ന ബംഗാളിന്റെ മധുരപ്രതികാരം കൂടിയായി ഇത്. 2018ൽ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 4–2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 5–4നുമായിരുന്നു കേരളത്തിന്റെ ഷൂട്ടൗട്ട് ജയം.