ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അനുവദിക്കാത്തതിൻ്റെ പ്രതിഷേധം ജീവനക്കാരും പെൻഷൻകാരും വോട്ടെടുപ്പിൽ പ്രതിഫലിപ്പിച്ച വർഷം ആണ് 2024. ലോകസഭയിലെ ദയനീയ പരാജയത്തിന് ജീവനക്കാരും പെൻഷൻകാരും എതിരായത് ഒരു കാരണമായി സിപിഎം വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ മാത്രമേ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും പ്രഖ്യാപിക്കൂ എന്ന രീതിയിലാണ് കാര്യങ്ങളുടെ നടപ്പ്. 2021 ൽ അനുവദിക്കാതിരുന്ന ക്ഷാമബത്തയിൽ ഒരു ഗഡു അതായത് 2 ശതമാനം ലോകസഭ വോട്ടെടുപ്പ് മാസം കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഒപ്പം അർഹതപ്പെട്ട 39 മാസത്തെ കുടിശിക നിഷേധിച്ചു.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായിരുന്നു അർഹതപ്പെട്ട ക്ഷാമബത്ത കുടിശിക നിഷേധിക്കുന്നത്. ഇതോടെ വോട്ട് പിടിക്കാൻ അനുവദിച്ച ക്ഷാമബത്ത ബാലഗോപാലിൻ്റെ പിടിപ്പ് കേട് കൊണ്ട് സി പി എമ്മിന് എതിരായി. പോസ്റ്റൽ വോട്ടുകളിൽ ഗണ്യമായ തിരിച്ചടിയായിരുന്നു എൽ.ഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ബാലഗോപാൽ അടുത്ത ഡി.എ പ്രഖ്യാപിച്ചു. 3 ശതമാനം ആയിരുന്നു നൽകിയത്. ഇതിൻ്റെയും കുടിശിക നൽകിയില്ല. അതിൻ്റെ പ്രതിഷേധവും ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടു. 2025 ൽ തെരഞ്ഞെടുപ്പ് ഉണ്ട്. ഒക്ടോബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ 2 ഗഡു ഡി.എ അടുത്ത വർഷവും ലഭിക്കും. കുടിശികയുടെ കാര്യം പഴയതുപോലെ ആവിയാകും.
2024 ൽ എല്ലാവർക്കും ലീവ് സറണ്ടർ പ്രഖ്യാപിച്ചിരുന്നു. സറണ്ടർ പാസാക്കും , പണം കിട്ടാൻ 2027 വരെ കാത്തിരിക്കണം. ബാലഗോപാലിൻ്റെ പ്ലാൻ ബി ആണ് ലീവ് സറണ്ടറിൽ കണ്ടത്. ദോഷം പറയരുതല്ലോ, പേഴ്സണൽ സ്റ്റാഫുകൾക്ക് ലീവ് സറണ്ടർ പണമായി നൽകാൻ ബാലഗോപാൽ കരുതൽ കാണിച്ചു.
പാവം പെൻഷൻകാരുടെ കാര്യമാണ് ദയനീയം. പെൻഷൻ പരിഷ്കരണത്തിൻ്റെ വാഗ്ദാനം ചെയ്ത നാലാം ഗഡു കൊടുത്തില്ല. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കളും ഇതുവരെ നൽകിയില്ല. കുടിശിക കിട്ടാതെ പെൻഷൻകാർ മരണപ്പെട്ടതിനെ കുറിച്ച് നിയമസഭയിൽ ചോദിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു ബാലഗോപാലിൻ്റെ മറുപടി.
2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള – പെൻഷൻ പരിഷ്കരണത്തിന് കമ്മീഷനെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന വാഗ്ദാനം ജലരേഖയായി. ഭരണകക്ഷിയും പ്രതിപക്ഷവും പണിമുടക്ക് പ്രഖ്യാപിച്ച വർഷം കൂടിയാണ് 2024.
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സിപിഐ, കോൺഗ്രസ് സർവീസ് സംഘടനകൾ ജനുവരി 22 ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കായാണ്. പ്രഖ്യാപിച്ച ക്ഷാമബത്ത, ക്ഷാമആശ്വാസത്തിന് കുടിശിക അനുവദിക്കാത്ത വർഷമായി സംസ്ഥാന സിവിൽ സർവീസ് മേഖലയിൽ 2024 അടയാളപ്പെടുത്തും.