ഭക്ഷ്യ സുരക്ഷ പരിശോധന: 49 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തി വയ്പ്പിച്ചെന്ന് മന്ത്രി വീണ ജോർജ്

ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ക്രിസ്തുമസ് – പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ വിപുലമായ പരിശോധനകൾ നടത്തി.

സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2861 പരിശോധനകളാണ് പൂർത്തിയാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 306 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേക്ക്, വൈൻ, മറ്റുള്ള ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി.

കേക്ക്, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.

കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർ എസ്. അജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments