തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം ഒക്ടോബർ മാസത്തോടെ കേരളത്തിലെത്തും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തിൽ നടക്കുന്ന പരിശീലന ക്യാമ്പിനും സൗഹൃദ മത്സരത്തിനും പ്രധാന സ്‌പോൺസർമാരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
പ്രമുഖ വാർത്താ ചാനൽ ഉടമകളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സൗഹൃദ മത്സരത്തിന്റെ പ്രധാന സ്‌പോൺസർ. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ കമ്പനിയായി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
മത്സരത്തിന്റെ സാമ്പത്തിക സ്‌പോൺസർഷിപ്പിന് നേതൃത്വം നൽകുന്നത് റിപ്പോർട്ടർ ടിവി ചാനലിന്റെ ഉടമകളും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായിരിക്കും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തർ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.
ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സ്‌പെയിനിൽ വച്ച് അർജന്റീനിയൽ ഫുട്‌ബോൾ അസോസിയേഷനുമായി കായിക മന്ത്രി ചർച്ച നടത്തിയിരുന്നു. കൂടുതൽ ചർച്ചകൾക്കായി ഒന്നര മാസത്തിനകം അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലെത്തും. തുടർന്ന് സംയുക്തമായി മത്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
അർജൻറീനിയൻ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകൾ സ്‌പോൺസർ ചെയ്യാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു.