
എംടിക്കു കേരള സര്‍ക്കാരിന്റെ ആദരം; ഡിസംബര്‍ 31ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവന്‍ നായര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഡിസംബര്‍ 31ന്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഡിസംബര്‍ 31 ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കാണ് സാംസ്കാരിക സമ്മേളനം . വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, എ.എ. റഹീം, ആന്റണി രാജു എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
എന്‍.എസ്. മാധവന്‍, ശ്രീകുമാരന്‍ തമ്പി, ഷാജി എന്‍. കരുണ്‍, കെ. ജയകുമാര്‍, വി. മധുസൂദനന്‍ നായര്‍, പ്രേംകുമാര്‍, എം. ജയചന്ദ്രന്‍, ജി. വേണുഗോപാല്‍, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാല്‍, വേണു ഐ.എസ്.സി., മുരുകന്‍ കാട്ടാക്കട, അശോകന്‍ ചരുവില്‍, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രന്‍, ആര്‍.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവര്‍ എം.ടിയെ അനുസ്മരിക്കും.
എം.ടിയുടെ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകന്‍ രവിശങ്കര്‍ നയിക്കുന്ന സംഗീതാര്‍ച്ചന, എം.ടിയുടെ സാഹിത്യകൃതികള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുന്ന പുസ്തകപ്രദര്‍ശനം, എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോപ്രദര്‍ശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ‘നിര്‍മ്മാല്യ’ത്തിന്റെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.