തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ അരോമ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. സീരിയൽ പ്രവർത്തകർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ 11 മണിയോടെ ഇദ്ദേഹത്തെ അന്വേഷിച്ച് ഹോട്ടലിലെത്തിയപ്പോഴാണ് മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയും അവരെത്തി മുറി തുറക്കുകയുമായിരുന്നു.
ഹോട്ടൽ മുറിയിലെ തറയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന് കുറച്ചുനാളുകളായി കരൾ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകർ അറിയിക്കുന്നത്.
‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ്. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കന്റോൺമെന്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.