മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ മൻമോഹൻ സിങിന്‍റെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് നിഗം ബോധ് ഘട്ടിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ സേനാവിഭാഗങ്ങള്‍ സ്ഥലത്തെത്തി സൈനിക ബഹുമതി നൽകുന്നതിന് തയ്യാറായി. മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും.
അതേസമയം, മൻമോഹൻ സിങിനന്‍റെ സമാധി സ്ഥലവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് എന്ന് ബിജെപി എംപി സുദാൻസു ത്രിവേദി ആരോപിച്ചു. കോൺഗ്രസ് ഒരിക്കലും മൻമോഹൻ സിങിനെ ബഹുമാനിച്ചിട്ടില്ല., നടപടികൾ പൂർത്തിയായാൽ ഉടൻ സ്മാരകം നിർമക്കാൻ സ്ഥലം നൽകുമെന്നും സുദാൻസു ത്രിവേദി പറഞ്ഞു.
മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നുമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.