കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി നാളെ. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക. മുൻ സി പി എം എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം കേസിൽ 24 പ്രതികളാണുള്ളത്.
സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സിബിഐ അന്വേഷണം തടയാൻ ഡൽഹിയിൽ നിന്നു പ്രമുഖ അഭിഭാഷകരെയാണ് സർക്കാർ ഇറക്കിയത്. സി പി എം പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ പണം എടുത്ത് അഭിഭാഷകർക്ക് കൊടുത്തതെതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നെങ്കിലും സർക്കാർ മുന്നോട്ട് പോകുകയാണ് ചെയ്തത്.
മനീന്ദർ സിംഗ്,രജ്ഞിത് കുമാർ, പ്രഭാസ് ബജാജ് എന്നീ പ്രഗൽഭ അഭിഭാഷകരെയാണ് സിബി ഐ അന്വേഷണം തടയാൻ പിണറായി ഡൽഹിയിൽ നിന്ന് ഇറക്കിയത്.
88 ലക്ഷം രൂപയാണ് വക്കീൽ ഫീസായി ഇവർക്ക് നൽകിയത്. കൂടാതെ വിമാന ടിക്കറ്റിനായി 2, 10,768 രൂപയും ഹോട്ടലിലെ താമസത്തിനും ചെലവിനുമായി 66,591 രൂപയും ഇവർക്ക് നൽകി. 90, 77, 359 രൂപയാണ് ഇവരുടെ ചെലവിനായി ഖജനാവിൽ നിന്ന് നൽകിയത്. ഇവരെ ഇറക്കിയുള്ള പിണറായിയുടെ കളി വിജയിച്ചില്ല. ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.
സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി. നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നാളത്തെ വിധിക്ക് വേണ്ടി കാതോർക്കുകയാണ് കേരളം.