ഉന്നത വ്യക്തിത്വങ്ങളോട് എനിക്ക് ആദരവും ബഹുമാനവും തോന്നാറുണ്ട് എന്നാൽ വിരളമായി മാത്രമേ ആരാധന തോന്നാറുള്ളൂ, ആ നിലയ്ക്ക് എനിക്ക് ആരാധന തോന്നിയ വ്യക്തിത്വമായിരുന്നു ഡോ. മൻമോഹൻ സിങ്. ആദ്യമൊക്കെ ദൂരെ നിന്ന് കാണുകയും കേൾക്കുകയും ചെയ്ത മൻമോഹൻ സിങ്ങിനെ പിന്നീട് വളരെ അടുത്ത് കാണാനും കേൾക്കാനും സംസാരിക്കാനും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു അടുപ്പം ഉണ്ടാകാനും ഇടയായി. ഇന്നും ഞാൻ ആഴത്തിൽ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്.
ഈ രാജ്യത്തോടും ജനങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം അത്രത്തോളം ആഴത്തിലുള്ളതായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ചയിൽ വാർദ്ധക്യ സഹജമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും ആ ഹൃസ്വമായ സംസാരത്തിൽ പോലും രാജ്യത്തിന്റെ ഭാവിയെ പ്രതിയുള്ള കാര്യങ്ങൾ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
ഞാൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പ്രസംഗങ്ങളിൽ ഒന്ന് 1991 ജൂലൈ 24ന് ഡോ.മൻമോഹൻ സിങ് നടത്തിയ ആദ്യത്തെ ബഡ്ജറ്റ് പ്രസംഗമാണ്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സമയത്ത് ഈ രാജ്യത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് പുതിയ സാമ്പത്തിക നയങ്ങൾ പ്രഖ്യാപിക്കുന്ന സുദീർഘമായ ബഡ്ജറ്റ് പ്രസംഗം. അത് ഈ രാജ്യത്തെ ഓരോ സാമ്പത്തിക ശാസ്ത്ര ചരിത്ര രാഷ്ട്രീയ നിയമാംസ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നും ഒരു പാഠപുസ്തകമോ ദിശാ സൂചികയോ ആയിരിക്കും. എങ്ങനെയാണ് നയങ്ങൾ കൊണ്ട് ഒരു രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിർണയിക്കുന്നത് എന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് അന്നത്തെ ബഡ്ജറ്റ് പ്രസംഗം. അവിടെനിന്ന് തുടങ്ങിയ യാത്രയാണ് നമ്മുടേത്.. അഭിമാനകരമായ രീതിയിൽ വളർച്ച നേടിയതിന് ഇന്ത്യാ രാജ്യം ഈ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു വ്യക്തിയോട് കടപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്ക് നിസംശയം പറയാൻ കഴിയും അത് ഡോ.മൻമോഹൻ സിങ്ങിനോടാണ് എന്ന്.
സത്യത്തിൽ എനിക്ക് അദ്ദേഹത്തോട് കടുത്ത ആരാധനയും ബഹുമാനവും സ്നേഹവും ആയിരുന്നു. അത് എത്രത്തോളം എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട സന്ദർഭം ജയ്പൂരിൽ കോൺഗ്രസിന്റെ ആദ്യ ചിന്തൻശിവിർ നടന്നപ്പോഴാണ്. ആദ്യ ചിന്തൻശിവിരിൽ യുവാക്കളുടെ പ്രതിനിധികൾ എന്ന നിലയിൽ 60 പ്രതിനിധികളിൽ ഒരാളായി എനിക്കും ഇടംലഭിച്ചിരുന്നു അന്ന് 3 ഹാളുകളിലായി മൂന്ന് വിഷയങ്ങളിൽ ചർച്ച നടക്കുമ്പോൾ ചർച്ചയ്ക്ക് ഇരിക്കുന്നവരെ ഫെയ്സ് ചെയ്യുന്ന പോലെ മൂന്ന് സീറ്റ് മുൻനിരയിൽ ഒഴിച്ചിട്ടിരുന്നു അതെന്തിനാണെന്ന് ആദ്യം മനസ്സിലായില്ല പിന്നീടാണ് അറിഞ്ഞത് ചർച്ച പുരോഗമിക്കുന്നതിനിടയിൽ മൂന്ന് പേർ വന്ന് ആ കസേരയിലിരുന്ന് ഓരോ മുറിയിലെയും ചർച്ച അരമണിക്കൂർ ശ്രവിച്ച് അടുത്ത മുറിയിലേക്ക് പോവുകയും അവിടുത്തെ ചർച്ച ശ്രവിച്ച് വീണ്ടും അടുത്ത മുറയിലേക്ക് പോവുകയും അങ്ങനെയാണ് ക്രമീകരിച്ചിരുന്നത്.. ആ മൂന്നു പേർ പ്രിയങ്കരിയായ സോണിയ ഗാന്ധിയും, ഡോ.മൻമോഹൻസിങ്ങും, രാഹുൽ ഗാന്ധിയുമായിരുന്നു.. വിഷയങ്ങൾ തിരഞ്ഞെടുക്കാനും താല്പര്യമുള്ള വിഷയങ്ങളിൽ പങ്കെടുക്കാനും അവസരം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച ചർച്ചക്കാണ് പേര് നൽകിയത്. പി ചിദംബരവും, മണിശങ്കർ അയ്യരും, മുഖ്യമന്ത്രിമാരും അടക്കമുള്ള ഒരു വലിയ നിര നേതാക്കന്മാർ ഉണ്ടായിരുന്നു. ചർച്ച പുരോഗമിക്കുമ്പോൾ എല്ലാവരും അന്ന് മൻമോഹൻ സിങ്ങിന്റെ നയങ്ങളെ വിമർശിക്കുകയായിരുന്നു. അത് കേട്ടുകൊണ്ട് ഇരുന്നപ്പോഴും എനിക്ക് അതിൽ അന്നേരം വലിയ വികാരം ഒന്നും തോന്നിയില്ല .
എന്നാൽ അപ്രതീക്ഷിതമായി സോണിയ ഗാന്ധിയും, ഡോ.മൻമോഹൻസിങ്ങും, രാഹുൽ ഗാന്ധിയും കയറി വന്നു. ഡോ.മണിശങ്കർ അയ്യരാണ് അപ്പോൾ സംസാരിച്ചുകൊണ്ടിരുന്നത് അദ്ദേഹം അതിരൂക്ഷമായി മൻമോഹൻസിംഗിന്റെ നയങ്ങളെ വിമർശിക്കുകയായിരുന്നു.. മൻമോഹൻ സിങ്ങിനെ മുൻപിൽ ഇരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഇടവും വലവും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇരിക്കുമ്പോൾ മൻമോഹൻ സിംഗിന്റെ ചെയ്തികൾ കൊണ്ട് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടായി എന്ന നിലയിൽ രൂക്ഷമായി വിമർശിക്കുകയും അത് കേട്ടുകൊണ്ട് ഞാൻ സങ്കടത്തോടെ മൻമോഹൻസിങ്ങിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവുമില്ലാതെ അദ്ദേഹമത് സസൂക്ഷ്മം ശ്രവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് കണ്ടു..
മണി ശങ്കരയ്യരുടെ ഊഴം കഴിഞ്ഞ് പിന്നീട് എഴുന്നേറ്റത് എന്റെ രാഷ്ട്രീയ ഗുരു കൂടിയായ വയലാർ രവിയാണ് അദ്ദേഹവും സമാനമായ ശൈലിയിലും ഭാഷയിലും സാമ്പത്തിക നയങ്ങളെ വിമർശിക്കുകയും അതിന്റെ കുന്തമുന മൻമോഹൻ സിംഗിലേക്ക് തിരിക്കുകയും ചെയ്തു. ഇത്രയും ആയപ്പോൾ ഒരുപക്ഷേ പ്രായത്തിന്റെ ചെറുപ്പം കൊണ്ടോ പക്വത കുറവുകൊണ്ടോ ഒക്കെയായിരിക്കാം രാഷ്ട്രീയ ഗുരു ആയിരുന്നിട്ടുകൂടിയും വയലാർ രവി സംസാരിച്ചതിന് തൊട്ടുപിന്നാലെ ഞാൻ കൈ ഉയർത്തി അപ്പോൾ രാഹുൽ ഗാന്ധി ‘Ya Let’s listen to a young voice’ എന്നു പറഞ്ഞ് എനിക്ക് അവസരം തന്നു. പെട്ടെന്ന് എന്നിൽ ഉണ്ടായത്, ഞാൻ പഠിച്ച് മനസ്സിലാക്കിയ സാമ്പത്തിക നയങ്ങളെ അവതരിപ്പിക്കുക എന്നതിനേക്കാൾ അപ്പുറം മൻമോഹൻ സിങ് എന്ന നേതാവിനോടുള്ള സ്നേഹവും ഇഷ്ടവും ബഹുമാനവും ആരാധനയും എല്ലാം ചേർത്ത് എന്നാൽ കഴിയുന്നതുപോലെ അതിശക്തമായി മൻമോഹൻ സിങ്ങിന്റെ നയങ്ങളെ ഞാൻ ന്യായീകരിച്ചു. ഞാനത് തുടങ്ങിയത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ‘I respectfully disagree with both my senior’s’ എന്ന് പറഞ്ഞിട്ട് രാജ്യത്ത് നടപ്പിലാക്കിയ സാമ്പത്തിക നയത്തിന്റെ ഗുണഭോക്താക്കൾ ഞങ്ങൾ യുവാക്കൾ ആണെന്നും അതുകൊണ്ടുതന്നെ യുവാക്കൾ ഈ നയങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും ഇത് രാജ്യത്തിന്റെ മുഖച്ഛായ മാറ്റുമെന്നും എന്നാൽ കഴിയുന്നതുപോലെ ഞാൻ വാദിച്ച് അവസാനിപ്പിച്ചു. അപ്പോൾ രാഹുൽ ഗാന്ധി ‘See, There is support for you as well’ എന്നുപറഞ്ഞ് അത് അവിടെ അവസാനിച്ചു.
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം മൻമോഹൻ സിംഗിനെ അതിരൂക്ഷമായി തീവ്രമായി വിമർശിച്ചപ്പോഴും അദ്ദേഹത്തെ അനുകൂലിച്ച് ശക്തമായി വൈകാരികമായി സംസാരിച്ചപ്പോഴും ആ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഞാൻ കണ്ടില്ല. അതായിരുന്നു ഡോ. മൻമോഹൻ സിങ്. ഇത് ഓർമ്മയിലെ ഒരു സംഭവം മാത്രമാണ്..
പിന്നീട് പലപ്പോഴും വ്യക്തിപരമായി കാണാനും സംസാരിക്കാനും അവസരം കിട്ടിയപ്പോഴൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് ഇത്രയൊക്കെ ഈ രാജ്യത്തിനുവേണ്ടി ചെയ്തിട്ടും അങ്ങ് അർഹിക്കാത്ത നിലയിൽ അങ്ങ് ആരോപണത്തിന്റെ ശരശയ്യയിൽ ആയപ്പോഴും അങ്ങേക്ക് പ്രതികരിക്കാതിരിക്കാൻ എങ്ങനെയാണ് കഴിഞ്ഞത്. അതൊരു ദൗർബല്യമായി പലരും വ്യാഖ്യാനിച്ചിട്ടില്ല..? അതിന് അദ്ദേഹത്തിന്റെ മറുപടി ഒരുപക്ഷേ അദ്ദേഹത്തിന്റെ വിയോഗം ഉണ്ടായ ദിവസം ആ നിമിഷം മുതൽ ഈ രാജ്യവും ലോകവും ചർച്ച ചെയ്യുന്ന അതേ ആശയമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.. നമ്മൾ ചെയ്യുന്ന കാര്യത്തിന്റെ ശരിയും തെറ്റും നമുക്ക് ബോധ്യമുണ്ടെങ്കിൽ മറ്റുള്ളവരുടെ പരാമർശങ്ങളോ വിമർശനങ്ങളോ നമ്മളെ അലോസരപ്പെടുത്തേണ്ടതില്ല ചരിത്രം സത്യത്തിന്റെയും നന്മയുടെയും ഭാഗത്തു അടയാളപ്പെടുത്തുക തന്നെ ചെയ്യും.. അതുതന്നെ ആയിരുന്നു സത്യത്തിൽ തന്റെ മൗനം കൊണ്ട് വാചാലമായി ഈ രാജ്യത്തോട് തന്നെ അദ്ദേഹം പറഞ്ഞത്. ‘History will be more kind to me’ എന്ന് പറഞ്ഞത് അന്വർത്ഥമാകുമ്പോൾ ഒരു നേതാവിന്റെ ആത്മവിശ്വാസവും, ചെയ്ത കാര്യത്തിന്റെ ബോധ്യത്തിലുള്ള കരുത്തുമാണ് അത് കാണിക്കുന്നത്..
ഇനിയും ധാരാളം കാര്യങ്ങൾ പറയാനുണ്ട് അധികം അദ്ദേഹം സംസാരിച്ചിട്ടില്ല, അധികം അദ്ദേഹം വാക്ധോരണികൾ നടത്തിയിട്ടില്ലെങ്കിലും ഈ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന നോട്ട് നിരോധനം നടന്നപ്പോൾ നടത്തിയ ഹൃസ്വമായ അദ്ദേഹത്തിന്റെ പ്രസംഗം മാത്രം മതി ആ നേതാവിന് എന്തുമാത്രം രാഷ്ട്രീയ ആഴം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ. ഇന്നും അദ്ദേഹം പറഞ്ഞ ആ രണ്ടു വാക്കുകൾ ഏറ്റവും പ്രസക്തമായി ലോകം ഓർമിക്കുന്നു ‘Organized Loot and Legalized Plunder’ നോട്ടുനിരോധനത്തെ ഇതിലും നന്നായി ഇതിലും ഹൃസ്വമായി തുറന്നുകാണിക്കാൻ ഇതിലും നല്ല വരികൾ ഉണ്ടാകുമായിരുന്നില്ല.. ഇനിയും എഴുതിയാൽ കുറിപ്പ് വല്ലാണ്ട് നീണ്ടുപോകും എന്നതിനാൽ ഇവിടെ അവസാനിപ്പിക്കട്ടെ…
പ്രിയ നേതാവിനോട് സ്നേഹവും ആദരവും ചേർത്ത ബാഷ്പാഞ്ജലികൾ…
( മാത്യു കുഴൽ നാടൻ ഫേസ് ബുക്കിൽ കുറിച്ചത്)