ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തിയ മൻമോഹൻ സിങ്

Dr Manmohan singh

1991ൽ തകർന്നടിഞ്ഞ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ രക്ഷിക്കുന്നതിന് നരസിംഹറാവു കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ഡോ. മൻമോഹൻ സിങ്. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ പുതിയ കാലത്തിലേക്ക് നയിച്ച ഭരണാധികാരി. നോട്ടുനിരോധനവും കോവിഡ് മഹാമാരിയും നികുതി കൊള്ളയും വിലക്കയറ്റവും പിടിച്ചുലച്ച ജനങ്ങൾ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രിയുടെ സംഭാവനകളെ മനസ്സിലാക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സാമ്പത്തിക പരിഷ്‌കാരങ്ങളെ ഒരിക്കൽ വിമർശിച്ചവർ പോലും ഇന്ത്യയെ മുന്നോട്ട് നയിച്ചതിൽ മൻമോഹൻ സിങ്ങിനുള്ള പങ്ക് ഇന്ന് അംഗീകരിക്കുന്നു.

തീർത്തും ദുർബലമായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താനാണ് 1991ൽ പ്രധാനമന്ത്രി നരസിംഹ റാവു, മൻമോഹൻസിങ്ങിനെ ധനമന്ത്രിയാക്കിയത്. നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് നയത്തിൽനിന്ന് നവഉദാരവൽക്കരണത്തിലേക്കുള്ള മാറ്റമാണ് പിന്നീട് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കണ്ടത്. സാമ്പത്തികരംഗം തുറന്നത് ഇന്ത്യയെ പുതിയ ലോകത്തിലേക്കാനയിച്ചു.

2004 മുതൽ 2014 വരെയുള്ള പത്തുവർഷത്തെ പ്രധാനമന്ത്രി പദവിയിലും ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഭരണപരിഷ്‌ക്കാരങ്ങൾ ഡോ. സിങ് നടപ്പാക്കി. രാഷ്ട്രീയ പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന ആവേശപ്രകടനങ്ങളുമായിരുന്നില്ല, അവധാനതയോടെയുള്ള നയപരിപാടികളായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉദാരവൽക്കരണം സാമ്പത്തിക അസമത്വം വർധിപ്പിച്ചു എന്ന തിരിച്ചറിവിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ ഊട്ടിയുറപ്പിച്ച വിവരാവകാശനിയമം ഇന്ത്യൻ ജനാധിപത്യത്തിലെ തിളക്കമുള്ള ഏടായി.

ആധാർ, ഇന്ത്യ അമേരിക്ക ആണവ കരാർ, 51 ശതമാനം വിദേശനിക്ഷേപം, പ്രത്യേക സാമ്പത്തിക മേഖലാ നിയമം, ചാന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങൾ ഒന്നും സ്വന്തം പേരിൽ ആഘോഷിക്കാൻ ഈ അക്കാദമീഷ്യൻ തയാറായില്ല. അഴിമതിയുടെ കറപുരളാത്ത മൻമോഹൻസിങ്ങിന് പക്ഷേ സഖ്യകക്ഷികളുടെ അഴിമതിയുടെ പാപഭാരം പേറേണ്ടി വന്നു. സോണിയാ ഗാന്ധിയുടെ പാവയെന്ന ആക്ഷേപവും കേട്ടു.

രാഷ്ട്രീയ ഗിമ്മിക്കുകൾ വശമില്ലാതിരുന്ന മൻമോഹൻസിങ്, വിവാദങ്ങളോട് മൗനം പുലർത്തി. കോവിഡ്കാലത്തെ നരേന്ദ്ര മോദി സർക്കാരിൻറെ നയം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ചെന്ന് അടുത്തിടെ അദ്ദേഹം വിമർശനമുന്നയിച്ചു. ഒട്ടേറെ അവാർഡുകളും പുരസ്‌കാരങ്ങളും നേടിയിട്ടുള്ള മൻമോഹൻ സിങ്ങിനെ 1987ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments