രാജ്യത്തിൻ്റെ സാമ്പത്തിക പരിഷ്കരണത്തിൻ്റെ സൂത്രധാരൻ ആയിരുന്നു മൻമോഹൻ സിങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ദേശിയ തൊഴിലുറപ്പ് നിയമം ഉൾപ്പെടെയുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയ , രാജ്യത്തിൻ്റെ ചരിത്രം മാറ്റിയ മഹാമനുഷ്യൻ ആയിരുന്നു മൻമോഹൻ സിങ് എന്ന് വി.ഡി. സതീശൻ അനുസ്മരിച്ചു.
വി.ഡി സതീശൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി.
നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍. ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും.
അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കും.💔