
പുഷ്പ 2 പ്രദർശനത്തിനിടെ മരണം: താരങ്ങൾ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് രേവന്ദ് റെഡ്ഡി
താരങ്ങൾ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുടെ മുന്നറിയിപ്പ്.
തെലുങ്ക് സിനിമ താരങ്ങളുമായും സംവിധായകരുമായും നിർമ്മാതാക്കളുമായും നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അല്ലു അർജുൻ അഭിനയിച്ച പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ തീയേറ്ററിൽ ഉണ്ടായ തിരക്കിൽ യുവതി മരിച്ച സംഭവത്തെ തുടർന്നാണ് സർക്കാർ യോഗം വിളിച്ചത്.
ക്രമസമാധാന പാലനത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടായില്ലെന്ന് വ്യക്തമാക്കിയ രേവന്ദ് റെഡ്ഡി ജനക്കൂട്ടത്തെ നീയന്ത്രിക്കുന്നത് താരങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.
സ്പെഷ്യൽ ഷോ സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും താരങ്ങൾ ജനക്കൂട്ടത്തിനിടയിലേക്ക് എത്തുമ്പോൾ പോലിസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും പറഞ്ഞു. അല്ലു അർജുനൻ്റെ സുരക്ഷ ഉദ്യോഗസ്ഥരുടെ തെറ്റായ ഇടപെടലാണ് തിക്കും തിരക്കും ഉണ്ടാക്കിയതെന്നാണ് പോലിസ് പറയുന്നത്.
ഡിസംബർ നാലിനാണ് പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്മെൻറിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അർജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തിൽ താരം പുറത്തിറങ്ങിയിരുന്നു.
പരുക്കേറ്റ കുട്ടിക്ക് 2 കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുൻ്റെ പിതാവ് അല്ലു അരവിന്ദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.