മിടുക്കനായി പഠിച്ച്, പ്രധാനമന്ത്രിപദം വരെയെത്തിയ ഡോ.മൻമോഹൻ സിങ്, തന്റെ പുസ്തകങ്ങളെപ്പോലെയാണു ജീവിതത്തെയും സൂക്ഷിക്കുന്നത് കറ പുരളാതെ, ഭംഗിയായി. ആ ജീവിതമാണ് ഇന്ന് ചരിത്രമായിരിക്കുന്നത്.
ഇന്നു പാക്കിസ്ഥാനിലുള്ള പടിഞ്ഞാറൻ പഞ്ചാബിലെ ഗായിലാണ് 1932 സെപ്റ്റംബർ 26നു മൻമോഹൻസിങ് ജനിച്ചത്. പ്രതിസന്ധികൾ തങ്ങളെ വിഴുങ്ങാൻ അനുവദിക്കാത്തവരെന്നു പഞ്ചാബികളെക്കുറിച്ചു പറയുന്ന അദ്ദേഹം, അത്തരത്തിൽ തനി പഞ്ചാബിയായാണ് ജീവിച്ചത്. രാജയോഗമുണ്ടെന്ന് ആരും പ്രവചിച്ചിരുന്നില്ല, സാഹസിക പ്രവൃത്തികളിലൂടെ ആരുടെയും പ്രത്യേക ശ്രദ്ധ നേടിയില്ല. രാജ്യവിഭജനം ഉൾപ്പെടെയുള്ള മുറിവുകളേറ്റു. മിടുക്കനായ വിദ്യാർഥിയെന്ന് അധ്യാപകർ വിലയിരുത്തി; അധ്യാപകർ ശരിയെന്നു വിദ്യാർഥി തെളിയിച്ചു.
പഠനവും വിശലകനശേഷിയും മൂലധനമാക്കി, പടിപടിയായുള്ള വളർച്ചയുടേതാണ് മൻമോഹൻ സിങ്ങിന്റെ കരിയർ ഗ്രാഫ്. ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, യുജിസി ചെയർമാൻ എന്നിങ്ങനെ പല പദവികളിലൂടെയാണ് അത് ഉയർന്നത്. ഇടവഴികളിലൂടെയല്ല, പ്രധാനവഴികളിലൂടെ അതിവേഗം നടന്ന മൻമോഹൻ സിങ്, രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ നായകനാകാൻ 1991ൽ ക്ഷണിക്കപ്പെട്ടു.
അപ്രതീക്ഷിതമായിരുന്നു പ്രധാനമന്ത്രിപദം; എന്നാലത്, രാജ്യസഭയിലെ പ്രതിപക്ഷനേതാവിൽനിന്നുള്ള സ്വാഭാവിക വളർച്ചയുമായിരുന്നു. പദവികൾ ചോദിച്ചു വാങ്ങിയിട്ടില്ല; പ്രധാനമന്ത്രിപദമുൾപ്പെടെ വന്നുചേർന്നിട്ടേയുള്ളു. 10 പ്രധാനമന്ത്രി വർഷങ്ങൾ പലവിധത്തിൽ വിലയിരുത്തപ്പെടുന്നുണ്ട്.
തന്റെ ജീവിതവും പദവികാലങ്ങളും തുറന്ന പുസ്തകമാണെന്നും, 10 വർഷത്തിൽ രാജ്യം കൂടുതൽ കരുത്തു നേടിയെന്നുമാണ് 2014 മേയിലെ വിടവാങ്ങൽ പ്രസംഗത്തിൽ മൻമോഹൻ സിങ് പറഞ്ഞത്. പിന്നീടിങ്ങോട്ട്, മോദി സർക്കാരിനെ കടുപ്പത്തിൽ വിമർശിക്കേണ്ടപ്പോഴൊക്കെയും കോൺഗ്രസ് ആശ്രയിക്കുന്നത് മൻമോഹൻ സിങ്ങിനെയാണ്. ആ ശബ്ദത്തിനു രാജ്യത്തു ലഭിക്കുന്ന സ്വീകാര്യത മുൻകാലങ്ങൾക്കുള്ള അംഗീകാരമാണ്.